കൊച്ചി: പ്രശസ്ത മലയാളി കലാകാരന് ജിതീഷ് കല്ലാട്ടിന്റെ രണ്ടു പ്രദര്‍ശനങ്ങളുണ്ട് ബിനാലെയില്‍. ഒന്ന് ‘കവറിംഗ് ലെറ്റര്‍’ എന്ന മൗലിക പ്രതിഷ്ഠാപനം (ഇന്സ്റ്റലേഷന് ). അദ്ദേഹം ക്യൂറേറ്റ് ചെയ്ത ‘റ്റാംഗിള്‍ഡ് ഹയരാര്‍ക്കി 2’ മറ്റൊന്ന്. മഹാത്മാ ഗാന്ധി ഉള്‍പ്പെട്ട ചരിത്ര പ്രധാനമായ വിഷയമാണ് രണ്ടു സൃഷ്ടികള്‍ക്കും പ്രമേയം.
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് മനുഷ്യരാശിയുടെ നിലനില്പ്പില് ആശങ്കാകുലനായി മഹാത്മാ ഗാന്ധി നാസി സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് ഒരു കത്തെഴുതി. മഹാത്മാവിന്റെ സമാധാനദര്ശനവും അഹിംസാവാദവും അതിന്റെ സമഗ്രതയില്‍ പ്രതിഫലിപ്പിക്കുന്ന എക്കാലത്തേക്കും പ്രസക്തമായ ആ ചരിത്രപരപ്രധാന കത്ത് ജിതീഷ് കല്ലാട്ട് പുനരാഖ്യാനം ചെയ്യുകയാണ് ‘കവറിംഗ് ലെറ്റര്‍’ എന്ന പ്രതിഷ്ഠാപന (ഇന്സ്റ്റലേഷന്) ത്തില്‍.
ആഴത്തിലും പരപ്പിലും അര്‍ത്ഥതലങ്ങള്‍ ഈ ആവിഷ്കാരത്തില്‍ കണ്ടെത്താം. തിരശീലയിലെ പുകമഞ്ഞിന്റെ അലകളില്‍ മഹാത്മാവിന്റെ കത്തിലെ വാക്കുകള്‍ ഓരോന്നും പ്രക്ഷേപണം ചെയ്യുന്നു. സര്‍റിയലിസ്റ്റിക് പരിവേഷമുള്ള പരിസരത്ത് മഞ്ഞിലൂടെ വാക്കുകള്‍ തെന്നിനീങ്ങുന്നു. അവയില്‍ സമാധാനം പ്രഘോഷിക്കുന്ന ഓരോ വാക്കും പുകമഞ്ഞ് വിസരിക്കുന്നതിനനുസരിച്ച് അപ്രത്യക്ഷമാകുകയാണ് ഒടുവില്‍. അവഗണിക്കപ്പെടുന്ന മഹത്തായ സന്ദേശത്തിന്റെ ദാരുണ വിധി ഓര്‍മ്മപ്പിക്കുന്നു ‘കവര്‍ ലെറ്റര്‍’.
ഗാന്ധിജിയുടെ മേല്‍വിലാസമെഴുതിയ ഉപയോഗിച്ച അഞ്ച് കവറുകളുടെ ദൃശ്യങ്ങള്‍ കേന്ദ്രമായി വിന്യസിച്ചതാണ് ജിതീഷ് ക്യൂറേറ്റ് ചെയ്ത ‘റ്റാംഗിള്‍ഡ് ഹയരാര്‍ക്കി 2’ എന്ന ആവിഷ്കരണം. വെറും കാലിക്കവറുകളാണ് മര്മ്മമെങ്കിലും വിശേഷാല്‍ മൂല്യമുറ്റ സൃഷ്ടി. ഉപയോഗിച്ച കവറുകളില്‍ കുറിപ്പെഴുതുന്ന ശീലമുണ്ടായിരുന്ന മഹാത്മാ ഗാന്ധി, അവസാന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണെ സംബോധന ചെയ്തു കുറിച്ചതും ഇവയില്‍ കാണാം. ഇന്ത്യാവിഭജനം മൗണ്ട് ബാറ്റണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു നാള് മുമ്പ് 1947 ജൂണ്‍ രണ്ടിന് തിങ്കളാഴ്ചയാണ് ഗാന്ധിജി കവറിലെ കുറിപ്പുകളിലൂടെ വൈസ്രോയിയുമായി ആശയവിനിമയം നടത്തിയത്. തിങ്കളാഴ്ചകളില്‍ മഹാത്മാവ് മൗനവ്രതം അവലംബിച്ചിരുന്നു. അതുകൊണ്ടാണ് വിഭജനത്തോടുള്ള വിയോജിപ്പ് അറിയിച്ച് ഗാന്ധിജി കുറിപ്പുകളിലൂടെ സംസാരിച്ചത്. ഗാന്ധിജിയുമായി ബന്ധപ്പെട്ട കവറുകളുമായി കലാപ്രവര്‍ത്തകരുടെ ആശയവിനിമയങ്ങളും സംവാദങ്ങളും കത്തിടപാടുകളും ബന്ധപ്പെടുത്താന്‍ ‘റ്റാംഗിള്‍ഡ് ഹയരാര്‍ക്കി 2’ ല്‍ ജിതീഷ് ശ്രമിക്കുന്നു.
ബിനാലെയിലെ ക്ഷണിക്കപ്പെട്ട കലാപ്രദര്ശനത്തില് മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസിലെ കിരണ്‍ നാടാര്‍ ആര്‍ട്ട് മ്യൂസിയത്തിലാണ് ജിതീഷിന്റെ അവതരണങ്ങള്‍.