വിപ്ലവ നക്ഷത്രം ഇനി ജ്വലിക്കുന്ന ഓര്‍മ്മ

ആലപ്പുഴ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌ക്കാരചടങ്ങുകള്‍ നടന്നു

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ആലപ്പുഴ വലിയചുടുകാട്ടില്‍ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌ക്കാരചടങ്ങുകള്‍ നടന്നു. രാഷ്ട്രീയ സാമുഹ്യ സംസ്‌ക്കാരികരംഗത്തെ നിരവധി പ്രമുഖരാണ് ഗൗരിയമ്മയെ അവസാനമായികാണാനെത്തിയത്. ടിവിതോമസിന്റെ ശവകുടീരത്തിന് സമീപം തന്നെയാണ് ഗൗരിയമ്മക്കും അന്ത്യവിശ്രമത്തിനുള്ള സ്ഥലമൊരുക്കിയത്.രക്തത്തിലെ അണുബാധയെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നഗൗരിയമ്മ രാവിലെയാണ് മരണമടഞ്ഞത്.കേരള രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്.ഇന്ത്യയില്‍ തന്നെ കൂടുതല്‍ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോഡ് ഗൗരിയമ്മക്കാണ്. കേരള നിയമസഭയില്‍ രണ്ടുതവണ ചേര്‍ത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂര്‍ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 1919 ജൂലൈ 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ കളത്തിപ്പറമ്പില്‍ രാമന്റയും പാര്‍വതിയമ്മയുടെയും മകളായാണ് ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, സെന്റ് തെരേസാസ്, തിരുവനന്തപുരം ഗവ. ലോ കോളജ്? എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.
ഗൗരിയമ്മയുടെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പേരാണ് എത്തിയത്.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‌ക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയത്. അയ്യങ്കാളി ഹാള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങള്‍ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്.