കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

ന്യൂദല്‍ഹി: കെ സുധാകരനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്റ് നിയമിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ തലങ്ങളില്‍ നടന്നുവന്നിരുന്ന ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഹൈക്കമാന്റ് കെ സുധാകരനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ്ഈ തീരുമാനം. സംസ്ഥാനത്ത് കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍കനത്ത പരാജയം നേരിടുകയും പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസിലെ വിവിധ തലങ്ങളില്‍ ശക്തമാവുകയും ചെയ്തതിന്റെ തുടര്‍ച്ചയാണ് പുതിയ പ്രസിഡന്റ് പ്രഖ്യാപനം. തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിനകത്തെ പ്രബല ഗ്രൂപ്പുകള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി പ്രതാപം വീണ്ടെടുക്കുകയെന്ന വെല്ലുവിളിയാണ് സുധാകരന് മുന്നിലുള്ളത്. അതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എല്ലാവിധ വിജയാശംസകളും നേരുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹം സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുധാകരന്റെ നേതൃത്വത്തില്‍ അതു സാധ്യമാകുമെന്നു വിശ്വസിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.