കെഡിസ്‌ക്; കേരള നോളജ് ഇക്കോണമി മിഷന്‍ വഴി തൊഴില്‍ നല്‍കിയത് 10,428 യുവാക്കള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള കേരള ഡവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ കേരള നോളജ് ഇക്കോണമി മിഷന്‍ വഴി തൊഴില്‍ നല്‍കിയത് 10,428 യുവാക്കള്‍ക്ക്. തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും ബന്ധിപ്പിച്ച് യുവാക്കള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടം. 2026 ഓടെ 20 ലക്ഷം തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
സംസ്ഥാനത്തൊട്ടാകെ 11 ലക്ഷം തൊഴിലന്വേഷകരാണ് ഇതുവരെ കേരള നോളജ് ഇക്കോണമി മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴില്‍ മേളകള്‍, പ്രത്യേക അഭിമുഖങ്ങള്‍ എന്നിവ വഴി ഷോര്‍ട് ലിസ്റ്റ് ചെയ്ത 21349 പേരില്‍ നിന്നാണ് 10,428 പേര്‍ക്ക് തൊഴില്‍ നല്‍കിയതെന്ന് കെ ഡിസ്‌ക് മെംബര്‍ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഇതിന്റെ ഭാഗമായി തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക മേളകളും സംഘടിപ്പിച്ചു. പുതിയ തൊഴില്‍ അന്വേഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനനുസരിച്ച് യോഗ്യതയനുസരിച്ച് തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടുകയും അഭിമുഖം സംഘടിപ്പിക്കുകയും ചെയ്താണ് തൊഴില്‍ നല്‍കുന്നത്. ഇത്തരത്തിലുള്ള അഭിമുഖങ്ങള്‍ പതിവായി നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാകും.
തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി ഇതിനോടകം 2,470 തൊഴില്‍ ദാതാക്കളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷമാണ് തൊഴില്‍ ദാദാവായി പരിഗണിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളിലെ താത്കാലിക ഒഴിവുകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകള്‍ എന്നിവയിലേക്കാണ് നിയമനം നടത്തുന്നത്.
ഇതുവരെ കേരള നോളജ് ഇക്കോണമി മിഷന്‍ പോര്‍ട്ടല്‍ വഴി 359572 തൊഴിലവസരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധയിടങ്ങളിലായി 8033 ഒഴിവുകള്‍ നിലവിലുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെഡിസ്‌ക് സര്‍വേ നടത്തി അഭ്യസ്ത വിദ്യരെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്തും അസാപുമായി ചേര്‍ന്ന് ‘കണക്ട് കരിയര്‍ ടു ക്യാമ്പസ്’ പദ്ധതി വഴി ക്യാമ്പസുകളിലെ വിദ്യാര്‍ഥികളിലെത്തിയും തൊഴിലന്വേഷകരെ കണ്ടെത്തുന്നുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന തൊഴില്‍ സഭകള്‍ വഴിയും തൊഴില്‍ അന്വേഷകരെ കണ്ടെത്തുന്നുണ്ട്. ഓണ്‍ലൈന്‍ വഴി തൊഴിലന്വേഷകര്‍ക്ക് ഏത് സമയത്തും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാകും