സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാര്‍ നല്‍കേണ്ട പ്രധാന സംഭാവന: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണസിരാകേന്ദ്രങ്ങളില്‍ ഇരിക്കുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കായി മുന്നില്‍ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാര്‍ സിവില്‍ സര്‍വീസിന് നല്‍കേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരിശീലന പൂര്‍ത്തീകരണ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പേരിനൊപ്പം കെ. എ. എസ് എന്ന സ്ഥാനവും നിങ്ങള്‍ക്കുണ്ടാവും. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. നാടിന്റെ സിവില്‍ സര്‍വീസിന് കെ. എ. എസ് വലിയ മുതല്‍ക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
104 പേര്‍ ചരിത്ര നിയോഗത്തിന്റെ ആദ്യ വക്താക്കളായി മാറിയിരിക്കുന്നു. ഐ. എ. എസുകാര്‍ പലരും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരായിരിക്കും. അവര്‍ക്ക് പലപ്പോഴും നാട്ടിലേക്ക് പോകണം എന്ന് തോന്നുന്നത് സ്വാഭാവികം. കഴിവിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന് ഇവിടെ വേണം എന്ന് തോന്നുന്ന ഐ. എ. എസ് ഉദ്യോഗസ്ഥര്‍ക്കും പോകാന്‍ അനുമതി നല്‍കേണ്ടി വരും. എന്നാല്‍ കെ. എ. എസിന്റെ കാര്യത്തില്‍ ഈ വിഷമസ്ഥിതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ. എ. എസ് സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. എ. എസ് ഉദ്യോഗസ്ഥരായ അബ്ദുള്‍ സലാം എം, അഭിജിത്ത് എസ്, ആദില്‍ മുഹമ്മദ്, അജിത് ജോണ്‍, അജിത എന്നിവര്‍ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. മറ്റുള്ളവര്‍ക്ക് മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ നടും എന്നു പറഞ്ഞ എല്ലാ ചെടികളും നട്ട് മരമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമം പാലിക്കുമ്പോള്‍ തന്നെ അത് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് പ്രധാനമാണ്. നിയമം വ്യാഖ്യാനിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിത പ്രയാസത്തെ എങ്ങനെ മാറ്റാന്‍ കഴിയും എന്ന് ചിന്തിക്കണം. ഓരോ ഫയലില്‍ ഒപ്പു വയ്ക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തില്‍ എത്ര വേഗത്തില്‍ മാറ്റം വരുത്താന്‍ കഴിയും എന്ന ചിന്ത മനസില്‍ ഉണ്ടാകണം. താന്‍ അഴിമതി നടത്തില്ലെന്നല്ല, സര്‍ക്കാര്‍ സര്‍വീസില്‍ ചുറ്റുമുള്ള ഒരാളെയും അിമതിക്ക് സമ്മതിക്കില്ലെന്നായിരിക്കണം പ്രതിജ്ഞയെന്ന് മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, കെ. ആര്‍. ജ്യോതിലാല്‍, ശാരദാ മുരളീധരന്‍, ഐ. എം. ജി ഡയറക്ടര്‍ കെ. ജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.