എം.എസ്.എം.ഇകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി. രാജീവ്

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി എം.എസ്.എം.ഇകള്‍ക്കായി ആവിഷ്‌ക്കരിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കെബിപ്, കെ.എസ്.ഐ.ഡി.സി എന്നിവയുമായി ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭക വര്‍ഷത്തില്‍ പ്രഖ്യാപിച്ച വണ്‍ ലോക്കല്‍ ബോഡി വണ്‍ പ്രൊഡക്ട് (ഒ.എല്‍.ഒ.പി) പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സഹായമായി വ്യവസായ വകുപ്പ് 50,000 രൂപ നല്‍കും. ഏറ്റവും മികച്ച പ്രകടനം നടത്തുന്ന എം.എസ്.എം.ഇ യൂണിറ്റിനും തദ്ദേശ സ്ഥാപനത്തിനും എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
എം.എസ്.എം.ഇകളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതതു സമയം തിരിച്ചറിഞ്ഞ് സഹായിക്കുന്ന സോഫ്‌റ്റ്വെയര്‍ തയ്യാറാക്കുന്ന ശ്രമം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷത്തിലധികമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 1000 എം.എസ്.എം.ഇകള്‍ക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനായി ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. അതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് രണ്ടു കോടി വരെ പ്രവര്‍ത്തന മൂലധനവും നല്‍കും. അഞ്ച് ഏക്കര്‍ സ്ഥലമുള്ള എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദവി നല്‍കുമെന്നും ഇതിന് നിശ്ചിത ഇന്‍സെന്റീവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് മുഖ്യമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. തുടര്‍നടപടിക്കായി ഉന്നത വിദ്യഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തി ജൂലായില്‍ ഇത് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കുള്ള വ്യവസായ വകുപ്പിന്റെ ആദരം ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു.കേരളത്തിന് ഏറ്റവും അനുയോജ്യമായ മേഖലാണ് എം.എസ്.എം.ഇകളുടേത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ പ്രധാന സംഭാവന നല്‍കാന്‍ ഇതിനാകും. കേരളത്തിന്റെ എം.എസ്.എം.ഇ മേഖലയില്‍ അഭിമാനകരമായ വര്‍ഷമാണ് കടന്നുപോയത്. 1,39,840 പുതിയ സംരംഭങ്ങള്‍ തുടങ്ങാനായി. ഈ അനുകൂല അന്തരീക്ഷം ശക്തിപ്പെടുത്തി മുന്നോട്ടു പോകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എം.എസ്.എം.ഇകള്‍ക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് തെളിയിക്കാന്‍ സംരംഭകവര്‍ഷത്തിലൂടെ സാധിച്ചുവെന്നും ദേശീയ തലത്തില്‍ വരെ ഇത് അംഗീകരിക്കപ്പെട്ടുവെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തിന്റെ പരിമിതമായ സൗകര്യങ്ങള്‍ തിരിച്ചറിഞ്ഞ് വ്യവസായരംഗത്ത് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും നിക്ഷേപം കൊണ്ടുവരാനും സാധിച്ചത് വ്യവസായ വകുപ്പിന്റെ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എം.എസ്.എം.ഇ മേഖലയിലെ കുതിപ്പിലൂടെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 8000 കോടിയോളം നിക്ഷേപം കൊണ്ടുവരാനും സാധിച്ചുവെന്ന് മുഖ്യതിഥിയായിരുന്ന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. എം.എസ്.എം.ഇകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന അന്തരീക്ഷം ഒരുക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയ്ക്ക് വിവിധ വകുപ്പുകളുടെ ഏകോപനം പ്രധാനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെ.എസ്.ഐ.ഡി.സി എം.ഡിയുമായ എസ്. ഹരികിഷോര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആനി ജുലാ തോമസ്, എസ്.എല്‍.ബി.സി കേരള കണ്‍വീനര്‍ എസ്.പ്രേംകുമാര്‍, റിയാബ് ചെയര്‍മാന്‍ ഡോ. ആര്‍. അശോക്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസലുദ്ദീന്‍, സി.ഐ.ഐ കേരള പ്രതിനിധി അജയ് ജോര്‍ജ്ജ് വര്‍ഗീസ് എന്നിവരും സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ‘കേരളത്തിലെ എം.എസ്.എം.ഇ ഇക്കോസിസ്റ്റത്തിന്റെ കരുത്ത്’ എന്ന വിഷയത്തില്‍ നടന്ന അവതരണം വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രാജീവ് ജി. നയിച്ചു.
‘നാല് പ്രധാന മേഖലകളിലെ എം.എസ്.എം.ഇ ഇക്കോസിസ്റ്റവും മുന്നോട്ടുള്ള വഴികളും’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. വിന്‍വിഷ് ടെക്‌നോളജീസ് (ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്) സി.ഇ.ഒ പയസ് വര്‍ഗീസ്, ബൈഫാ (ആയുര്‍വേദ ആന്‍ഡ് ബയോടെക്‌നോളജി) സി.ഇ.ഒ അജയ് ജോര്‍ജ്, കെല്‍ട്രോണ്‍ (ഇ.എസ്.ഡി.എം) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹേമചന്ദ്രന്‍, ടെറുമോ പെന്‍പോള്‍ (മെഡിക്കല്‍ ഡിവൈസസ്) ഇന്നൊവേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് മേധാവി ഷിനു നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രിനിറ്റി കോളേജ് ഡയറക്ടര്‍ അരുണ്‍ സുരേന്ദ്രന്‍ മോഡറേറ്ററായി.