കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കും

 

ഹവാന: ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയിലാണ് ക്യൂബന്‍ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാര്‍ഗരിറ്റ ക്രൂസ് ഹെര്‍ണാണ്ടസ് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സഹകരിക്കാനുള്ള താല്പര്യം അറിയിച്ചത്. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാന്‍ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിര്‍ണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കു വെക്കും.
ക്യൂബയില്‍ ആയുര്‍വേദം വികസിപ്പിക്കാന്‍ കേരളം സഹായിക്കും. ക്യൂബക്കാര്‍ക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നല്‍കും. ആരോഗ്യമേഖലയില്‍ ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ ലോകം അത്ഭുതാദരവോടെയാണ് കാണുന്നതെന്നും ആരോഗ്യമേഖലയില്‍ ക്യൂബയുമായുള്ള സഹകരണം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം, മെഡിക്കല്‍ ഗവേഷണം, ട്രോപ്പിക്കല്‍ മെഡിസിന്‍, കാന്‍സര്‍ ചികിത്സ, ടെലിമെഡിസിന്‍ മുതലായ മേഖലയില്‍ ക്യൂബയുടെ സഹകരണം കേരളത്തിന് ഗുണകരമാകുമെന്നു മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുള്ള കേരളത്തിന്റെ ശ്രമത്തിനു ക്യൂബന്‍ മാതൃകയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന പ്രത്യാശ അദ്ദേഹം പങ്കുവച്ചു. ക്യൂബയിലെ പഞ്ചകര്‍മ്മ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കാന്‍ കേരളത്തിന്റെ സഹായം വാഗ്ദാനം ചെയ്തു. പഞ്ചകര്‍മ്മ ചികിത്സയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ ക്യൂബയിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും സംസാരിച്ചു. ക്യൂബന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികള്‍, ക്യൂബന്‍ മെഡിക്കല്‍ സര്‍വീസസ് ട്രേഡിങ്ങ് കമ്പനി പ്രസിഡണ്ട് യമില ഡി അര്‍മാസ് അവില, ഐപികെ (ട്രോപ്പിക്കല്‍ മെഡിസിന്‍) ഡയറക്ടര്‍ യാനിരിസ് ലോപസ് അല്‍മാഗ്വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ താല്‍പര്യമറിയിച്ച് ഹവാന ഗവര്‍ണര്‍

കേരളവുമായി വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ താല്‍പര്യമറിയിച്ച് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ ഗവര്‍ണര്‍ യാനെറ്റ് ഹെര്‍ണെന്‍ഡസ് പെരെസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശാസ്ത്രം, ആരോഗ്യം, കായികം തുടങ്ങി വിവിധ മേഖകളില്‍ സഹകരണം ഉറപ്പാക്കുമെന്ന് പെരെസ് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഹവാന ഗവര്‍ണര്‍ പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ചര്‍ച്ചയാണ് നടത്തിയത്.
നഗരകാര്യങ്ങള്‍, പാര്‍പ്പിടം, കൃഷി തുടങ്ങിയ മേഖലകളില്‍ കേരളത്തിന്റെ സഹകരണമുണ്ടാകണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. കേരള ഹവാന അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പുസ്തകോത്സവത്തിലും പരസ്പര പങ്കാളിത്തവുമുറപ്പാക്കാനും, ഇരുവശത്തു നിന്നുമുള്ള സാഹിത്യ പ്രവര്‍ത്തകര്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കാനും ചര്‍ച്ചയില്‍ ധാരണയായി.
ആയുര്‍വേദം, കായികം, സംയുക്ത ഗവേഷണ വികസനം, വ്യാപാരം, ബയോടെക്, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ ക്യൂബയുമായി സഹകരിക്കാന്‍ തീരുമാനിച്ചു.
കേരളവും ക്യൂബയും പ്രധാന ടൂറിസം ആകര്‍ഷക കേന്ദ്രങ്ങളാണ്. ടൂറിസം വികസനത്തിലുള്ള സഹകരണത്തിലൂടെ ഇരുവര്‍ക്കും പരസ്പരം അറിവ് നേടാനും പങ്കു വെക്കാനും സാധിക്കും.
സന്ദര്‍ശനം ഹവാനയും കേരളവും തമ്മിലുള്ള ദീര്‍ഘവും ഫലപ്രദവുമായ ബന്ധത്തില്‍ നാഴികക്കല്ലായിമാറുമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി ഔദ്യോഗിക സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും അറിയിച്ചു.
ഹവാന ഗവര്‍ണറുടെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി ക്യൂബ സന്ദര്‍ശിക്കുന്നത്. ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രാദേശിക ഭരണ സംവിധാനവുമാണ് ഹവാന.
കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.