കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പായ മൈകെയര്‍ ഹെല്‍ത്തില്‍ 16.5 കോടി രൂപയുടെ നിക്ഷേപം

കൊച്ചി: സാധാരണക്കാരന് താങ്ങാവുന്ന ചികിത്സ വ്യാപകമായി ലഭ്യമാക്കാനുള്ള ഉദ്യമത്തോടെ ആരംഭിച്ച മൈകെയര്‍ ഹെല്‍ത്തില്‍ 2.01 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ(16.45 കോടി രൂപ) സീഡിംഗ് നിക്ഷേപം ലഭിച്ചു. 22 നിക്ഷേപകരില്‍ നിന്നായാണ് ഓഹരിയിനത്തില്‍ ഈ നിക്ഷേപം കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് സ്വന്തമാക്കിയത്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും അപ്രാപ്യമായ ആശുപത്രിച്ചെലവുകള്‍ ലഘൂകരിക്കുന്നതിനോടൊപ്പം സ്വന്തം പ്രദേശത്ത് തന്നെ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈകെയര്‍ ഹെല്‍ത്ത് ആരംഭിച്ചത്. മൈകെയര്‍ ഹെല്‍ത്ത് ആപ്പിലോ വെബ്‌സൈറ്റിലോ കയറി രോഗിക്ക് ആവശ്യമുള്ള ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ആശുപത്രിയുടെ വിവരം, ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച, മരുന്നുകള്‍ തുടങ്ങി ചികിത്സാ സംബന്ധിയായ എല്ലാക്കാര്യങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്. നിലവില്‍ പന്ത്രണ്ട് ഇന്ത്യന്‍ നഗരങ്ങളില്‍ 200 ലധികം ആശുപത്രികളുടെ ശൃംഖലയിലൂടെ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് രോഗികള്‍ക്ക് മൈകെയര്‍ ഹെല്‍ത്ത് സേവനം ലഭ്യമാക്കിയിട്ടുണ്ട്.
മികച്ച ഭാവിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഓഹരി സമാഹരണം നടത്തി നിക്ഷേപം നടത്തുന്നതിനാണ് സീഡ് ഫണ്ട് എന്ന് പറയുന്നത്.
വണ്‍ഡെക് ഒഡിഎക്‌സ്, അവാന സീഡ്, ഹഡില്‍, എന്‍ഡ്യൂറന്‍സ് ക്യാപിറ്റല്‍, എഫ് ഹെല്‍ത്ത്, വെറിറ്റാസ്‌ക്‌സ്, സ്റ്റാന്‍ഫോര്‍ഡ് എയ്ഞ്ജല്‍സ്, ഫീനിക്‌സ് എയ്ഞ്ജല്‍സ്, എന്നീ നിക്ഷേപ സ്ഥാപനങ്ങള്‍ക്കൊപ്പം അജിത് മോഹന്‍, നിതീഷ് മിറ്റെര്‍സെയിന്‍, ഹരി ടിഎന്‍, അര്‍ജുന്‍ വൈദ്യ, സീന്‍ സോന്‍, നീരജ് കാരിയ, അങ്കിത് ടണ്ടന്‍, ഡോ. ദീപു സെബിന്‍, വികാസ് ഗാര്‍ഗ്, രാഹുല്‍ നാഗര്‍, ഹിമാന്‍ഷു അറോറ, ഭവ്യ ഷാ എന്നീ വ്യക്തിഗത നിക്ഷേപകരുമാണ്് നിക്ഷേപം നടത്തിയത്.
കുതിച്ചുയരുന്ന ചികിത്സാച്ചെലവുകള്‍, സാധാരണക്കാരന് പ്രാപ്യമാകാത്ത ആശുപത്രികള്‍, ശസ്ത്രക്രിയയെക്കുറിച്ചുള്ള അജ്ഞത മൂലമുണ്ടാകുന്ന രോഗികള്‍ക്കുള്ള ആധി, ഉചിതമായ തീരുമാനമെടുക്കാനുള്ള വൈദഗ്ധ്യമില്ലായ്മ എന്നിവയെല്ലാം ഇന്ന്് രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണെന്ന് മൈകെയര്‍ ഹെല്‍ത്ത സിഇഒയും സഹസ്ഥാപകനുമായ സെനു സാം പറഞ്ഞു. കൂടുതല്‍ ഇടത്തം ആശുപത്രികളിലെ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉണ്ടാക്കുന്നതിനോടൊപ്പം പരിപൂര്‍ണമായ സുതാര്യതയും ചികിത്സയില്‍ ഉറപ്പാക്കാന്‍ മൈകെയര്‍ ഹെല്‍ത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ എല്ലാവര്‍ക്കും ഉപയോഗിക്കത്തക്കവിധം ക്രമപ്പെടുത്തിയെടുക്കുകയാണ് മൈകെയര്‍ ഹെല്‍ത്ത് ചെയ്യുന്നതെന്ന് ഹഡില്‍ ഇന്‍വസ്റ്റ്‌മെന്റിന്റെ സഹനിക്ഷേപകന്‍ സനില്‍ സച്ചാര്‍ പറഞ്ഞു. ഇടത്തരക്കാരായ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളിലെ സേവനം ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് സീഡിംഗ് ഫണ്ട് ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.