വോട്ടെണ്ണലിന് പൂര്‍ണ്ണസജ്ജം; കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനം

രാവിലെ 8മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ല്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലമറിയാം.

ഓരോ മണ്ഡലത്തിലെയും സ്‌ട്രോംഗ് റൂമുകള്‍ രാവിലെ 6 ന് തുറക്കും. വോട്ടെണ്ണല്‍ മേശകളിലേക്കുള്ള ജീവനക്കാരെ റാന്‍ഡമൈസേഷനിലൂടെ തീരുമാനിക്കും

കൊച്ചി: ഒരുമാസത്തോളംനീണ്ട കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാല്‍വോട്ടുകള്‍ കൂടുതലാണ് എന്നതിനാല്‍ ഇവ എണ്ണിത്തീരുംമുന്‍പ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

തൃക്കാക്കര ഭാരത് മാത കോളെജലെ സ്‌ട്രോംഗ് റൂം

ഓരോ മണ്ഡലത്തിലെയും സ്‌ട്രോംഗ് റൂമുകള്‍ രാവിലെ 6 ന് തുറക്കും. വോട്ടെണ്ണല്‍ മേശകളിലേക്കുള്ള ജീവനക്കാരെ റാന്‍ഡമൈസേഷനിലൂടെ തീരുമാനിക്കും. ഏഴു മണിയോടെ റാന്‍ഡ മൈസേഷന്‍ പൂര്‍ത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും.

തുടര്‍ന്ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുക. 500 വീതമുള്ള കെട്ടുകളാക്കി തിരിച്ചാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ തുറക്കുക. 8.30 ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ല്‍ പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ഫലമറിയാം.

ഓരോ റൗണ്ടും പൂര്‍ത്തിയായ ശേഷമായിരിക്കും വെബ്‌സൈറ്റിലേക്ക് ഡേറ്റ എന്റര്‍ ചെയ്യുക. റൗണ്ടുകളുടെ ഫലങ്ങള്‍ എന്‍കോര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഇതിന്റെ ഫലം പ്രിന്റെടുത്ത് വരണാധികാരിയും നിരീക്ഷകനും പരിശോധിച്ച് അനുമതി നല്‍കിയ ശേഷം എന്‍കോര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു തന്നെ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കും.

ഈ ഫലമാണ് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.ഒരു റൗണ്ടില്‍ 17 ടേബിളുകളിലെ മെഷീനുകളാണ് എണ്ണുന്നത്. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്‌റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും.

തൃക്കാക്കര നിയോജക മണ്ഡലത്തിലെ തൃക്കാക്കര ഭാരത് മാത കോളെജില്‍ സജ്ജമാക്കിയ വോട്ടെണ്ണല്‍ കേന്ദ്രം

ഒരു റൗണ്ടില്‍ 17 ടേബിളുകളിലെ മെഷീനുകളാണ് എണ്ണുന്നത്. മുഴുവന്‍ റൗണ്ടും പൂര്‍ത്തിയായി കഴിയുമ്പോള്‍ റാന്‍ഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്‌റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളും അണുവിമുക്തമാക്കി സുരക്ഷിതമാക്കി.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെണ്ണല്‍ പുരോഗമിക്കുക. വോട്ടെണ്ണല്‍ മേശകള്‍ നിശ്ചിത അകലം പാലിച്ചായിരിക്കും ക്രമീകരിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് എല്ലാ ടേബിളുകളിലും സാനിറ്റൈസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ഉറപ്പാക്കിയിട്ടുണ്ട്

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെണ്ണല്‍ പുരോഗമിക്കുക. വോട്ടെണ്ണല്‍ മേശകള്‍ നിശ്ചിത അകലം പാലിച്ചായിരിക്കും ക്രമീകരിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് എല്ലാ ടേബിളുകളിലും സാനിറ്റൈസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണലിനെ തുടര്‍ന്ന് പതിവ് രീതിയിലുള്ള വിജയഹ്ലാദമോ പ്രകടനമോ അനുവദിക്കില്ല. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് മെഷീനുകള്‍ അന്നു തന്നെ കവചിത വാഹനത്തില്‍ സര്‍ക്കാര്‍ ഗോഡൗണിലേക്ക് മാറ്റും.