മെഷിനറി എക്സ്പോ അഞ്ചാമത് എഡിഷന് തുടക്കമായി
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശനമേള ‘മെഷിനറി എക്സ്പോയ്ക്ക് തുടക്കമായി. എക്സ്പോയുടെ അഞ്ചാമത് എഡിഷനാണ് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ നാല് ദിവസങ്ങളിലായി നടക്കുന്നത്. വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
കേരളം സംരഭകര്ക്കൊപ്പമാണെന്നും അവര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടണെന്നും മന്ത്രി പറഞ്ഞു. സംരംഭകവര്‍ഷം ആചരിക്കുന്ന ഈ വേളയില്‍ സംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഒരിക്കലും സംരംഭകരാകില്ലെന്ന് സ്വയം കരുതിയ വളരെ സാധാരണക്കാരായ ആളുകള്‍ വരെ വ്യത്യസ്തമായ സംരംഭങ്ങളുമായി മുന്നോട്ടു വന്നെന്നും മന്ത്രി പറഞ്ഞു.
സംരംഭം തുടങ്ങാനുള്ള സഹായം മാത്രമല്ല അതിനപ്പുറം അവരെ കൈപിടിച്ചു മുന്നോട്ട് നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി നടത്തിയ എല്ലാ എക്സിബിഷനുകളും വിജയകരമാണ്. എല്ലാ ജില്ലകളിലും ഈ വര്‍ഷം സംരംഭം തുടങ്ങിയവര്‍ക്ക് സൗജന്യമായ സര്‍വീസ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേളയില്‍ നവീനമായ മെഷീനറികള്‍ കാണാന്‍ കഴിഞ്ഞെന്നും വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മെഷീനറികള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
ഓരോ സംരംഭകനേയും പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മെഷിനറി എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറോളം യന്ത്ര നിര്‍മാതാക്കള്‍ ഒരു കുടക്കീഴില് അണിനിരക്കുന്നു എന്നതാണ് മെഷിനറി എക്സ്പോയുടെ പ്രത്യേകത. നാലപ്പത്തിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ശീതീകരിച്ച പവലിയനാണ് എക്സ്പോയ്ക്കായി ഒരുക്കുന്നത്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന് കേരളത്തിന്റെ വലിയ ലക്ഷ്യപൂര്‍ത്തീകരണ വേളയില്‍ മെഷിനറി എക്സ്പോ സംരംഭകര്‍ക്ക് ഒട്ടനവധി സാധ്യതകളാണ് തുറന്നിടുന്നത്. വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം.
കാര്‍ഷികാധിഷ്ഠിതം, ഭക്ഷ്യ സംസ്ക്കരണം, പാക്കേജിംഗ്, ജനറല്‍ എഞ്ചിനീറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണ്ക്സ്, മരാധിഷ്ഠിത വ്യവസായം, റബ്ബര്‍ & പ്ലാസ്റ്റിക്, ഫൂട്ട് വെയര്‍, പ്രിന്റിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, ആയുര്‍വ്വേദ & ഹെര്‍ബല്‍, അപ്പാരല്‍, വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍ മുതല്‍ വിവിധതരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും, കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം, വന്‍കിട സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യയും അണിനിരത്തിയാണ് യന്ത്ര പ്രദര്‍ശനമേള സംഘടിപ്പിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സുധീര്‍ കെ സ്വാഗതം പറഞ്ഞ ചടങ്ങിന് എറണാകുളം എം പി ഹൈബി ഈഡന് അധ്യക്ഷത വഹിച്ചു. എക്സിബിറ്റേഴസ് ഡയറക്ടറി പ്രകാശനം വ്യവസായ വാണിജ്യ വകുപ്പ് ഡയറക്റ്റര്‍ എസ് ഹരികിഷോര്‍ ഐ എ എസ് നിര്‍വഹിച്ചു. കൊച്ചി കോര്പ്പേഷന് കൗണ്‍സിലര്‍ അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്, എംഎസ്എംഇഡി.ഐ തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലജിത മോള്, കെഎസ് എസ്ഐഎ സംസ്ഥാന പ്രസിഡണ്ട് എ. നസറുദ്ധീന്‍, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് സാവിയോ മാത്യു എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മെഷിനറി എക്സ്പോ കേരള 2023 ജനറല്‍ മാനേജര്‍ & ജനറല്‍ കണ്‍വീനര്‍ പി എ നജീബ് നന്ദി അര്‍പ്പിച്ചു.