ശനി, ഞായര്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി 60ശതമാനം സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര സര്‍വ്വീസുകളുടേയും, ഓര്‍ഡിനറി സര്‍വ്വീസുകളുടേയും 60ശതമാനം 24, 25 തിയ്യതികളില്‍ സര്‍വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് ഞാറാഴ്ചകളില്‍ ഏകദേശം 2300 ബസുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60ശതമാനം സര്‍വീസുകളാണ് ഈ ദിവസങ്ങളി!ല്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് യഥാ സമയം പരീക്ഷ സെന്ററുകളില്‍ എത്തുന്നതിനും, എയര്‍പോര്‍ട്ട്, റയില്‍വെ സ്‌റ്റേഷന്‍, ആശുപത്രികള്‍ എന്നിവിടങ്ങില്‍ എത്തുന്ന യാത്രാക്കാര്‍ക്കും വേണ്ടിയുള്ള സര്‍വീസുകള്‍ ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. അതേ സമയം കെഎസ്ആര്‍ടിസി അവശ്യ സര്‍വ്വീസ് ആയതിനാല്‍ ഏപ്രില്‍ 21 ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏപ്രില്‍24 ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെങ്കിലും ഇപ്പോള്‍ കൊവിഡ് വ്യാപനം തുടരുന്നതിനാല്‍ രോഗ വ്യാപനം തടയുന്നതിനും, സര്‍വീസ് ഓപ്പറേഷന്‍ ഈ ദിവസം കുറച്ചതിനാലും ശനിയാഴ്ച കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്കും അവധി ആയിരിക്കുമെന്നും സിഎംഡി അറിയിച്ചു. ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കല്‍ , ഓപ്പറേറ്റിംഗ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം കോമ്പന്‍സേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.