കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ പുതുക്കിയ കര്‍മ പദ്ധതി പ്രഖ്യാപിച്ചു കേരളം

2040ല്‍ കേരളം സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനമാകുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കര്‍മ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികള്‍, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളില്‍ സുസ്ഥിരവും കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള ഇടപെടലുകളാണ് ആക്ഷന്‍ പ്ലാനിലുള്ളത്. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തില്‍ ലോക ബാങ്കുമായി സഹകരിച്ച് റീബില്‍ഡ് കേരള ഇനിഷ്യേറ്റിവും പരിസ്ഥിതി വകുപ്പും ചേര്‍ന്നു സംഘടിപ്പിക്കുന്ന പാര്‍ട്‌ണേഴ്‌സ് മീറ്റ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കിയ കേരള സ്‌റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് 2.0 (എസ്.എ.പി.സി.സി.) പ്രകാശനം ചെയ്തു. 2040ല്‍ സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ അധിഷ്ഠിത സംസ്ഥാനമായും 2050 ഓടെ പൂര്‍ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമായും കേരളം മാറുമെന്നു സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ദുര്‍ബലരെയുമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ചുഴലിക്കാറ്റിലും നിരവധി പേര്‍ക്കാണ് വീടും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടത്. ഇവര്‍ക്കാകട്ടെ കാലാവസ്ഥാ മാറ്റത്തിനു കാരണമാകുന്ന ഘടകങ്ങളില്‍ കുറഞ്ഞ പങ്കാണുള്ളത്. ഈ വസ്തുത പൂര്‍ണമായി അംഗീകരിക്കുകയും ഇവര്‍ക്കു കാലാവസ്ഥാ നീതി ഉറപ്പാക്കുകയും ചെയ്യണമെന്ന ആശയമാണു കേരളം മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പുനരുപയോഗ ഊര്‍ജ അധിഷ്ഠിതവും നെറ്റ് കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമായുമുള്ള മാറ്റത്തിലേക്കു സമഗ്രവും സുസ്ഥിരവുമായ വികസന ആശയങ്ങളാണു കേരളം നടപ്പാക്കുന്നത്. സീറോ എമിഷന്‍ മൊബിലിറ്റി നയത്തില്‍ ഹൈഡ്രജന്‍ പവേഡ് മൊബിലിറ്റി ഉള്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണു കേരളം. സംസ്ഥാനത്തെ ഹരിത ഹൈഡ്രജന്‍ ഹബ്ബാക്കി മാറ്റുന്നതിനുള്ള നയരൂപീകരണത്തിനും സഹകരണം ഉറപ്പാക്കുന്നതിനുമായി കേരള ഹൈഡ്രജന്‍ ഇക്കോണമി മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളില്‍ ഹരിത ഹൈഡ്രജന്‍ ഉത്പാദനം നിര്‍ണായകമാണ്. നീതി ആയോഗിന്റെ സ്‌റ്റേറ്റ് എനര്‍ജി ക്ലൈമറ്റ് ഇന്‍ഡക്‌സില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത് കാര്‍ബണ്‍ ന്യൂട്രാലിറ്റിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ്. ക്ലീന്‍ എനര്‍ജി സംരംഭങ്ങള്‍, ഊര്‍ജ കാര്യക്ഷമത, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവുമായി ബന്ധപ്പെട്ട സൂചകങ്ങളിലും മികച്ച പ്രകടനമാണു കേരളം കാഴ്ചവച്ചത്.
ഉത്തരവാദിത്ത വ്യാവസായികോത്പാദനം പ്രോത്സാഹിപ്പിക്കുന്നതു മുന്‍നിര്‍ത്തി പരിസ്ഥിതി സാമൂഹ്യ ഭരണനി!!ര്‍വഹണാധിഷ്ഠിത നിക്ഷേപങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്ന ഇഎസ്ജി കേന്ദ്രീകൃത വ്യവസായ നയം കേരള ഉടന്‍ പുറത്തിറക്കും. അഗ്രോ ഫോറസ്ട്രി, ഊര്‍ജം, കാലാവസ്ഥ കാര്യക്ഷമത സങ്കേതം എന്നിവ ഉള്‍പ്പെടുത്തി വയനാട്ടില്‍ ഒരു ക്ലൈമറ്റ് സ്മാര്‍ട്ട് കോഫീ പ്രോഗ്രാം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കാലാവസ്ഥാ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റവും പൊതുജനങ്ങള്‍ എങ്ങനെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്നു രേഖപ്പെടുത്തുന്നതിന് തൃശൂരിലും പാലക്കാടും സിറ്റിസണ്‍ ക്ലൈമറ്റ് കണക്റ്റ് നടപ്പാക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, ഇമൊബിലിറ്റി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ഇലക്ട്രിക് വെഹിക്കിള്‍ കണ്‍സോര്‍ഷ്യം പ്രോഗ്രാമും നടന്നുവരുന്നുണ്ട്.


സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനു കാര്യമായ സംഭാവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഹരിതവാതക ബഹിര്‍ഗമനം കുറയ്ക്കാന്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് നടത്തിയ കാര്‍ബണ്‍ ന്യൂട്രാലിറ്റി ഇടപെടലുകള്‍ രാജ്യത്തുതന്നെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടത്തുന്ന ആദ്യ ചുവടുവയ്പ്പാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദുരന്തങ്ങള്‍ പെട്ടെന്നു ബാധിക്കാന്‍ സാധ്യതയുള്ള സംസ്ഥാനമാണു കേരളം. ഇതു മുന്‍നിര്‍ത്തി ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും നിര്‍മിക്കുക, ദുരന്ത പ്രതികരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ദീര്‍ഘകാല ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനു വ്യക്തികളേയും സമൂഹത്തേയും പ്രാപ്തരാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇതിനു കേന്ദ്ര, സംസ്ഥാന ഇടപെടലുകളും അന്താരാഷ്ട്ര സഹകരണവും ബഹുമുഖ സംരംഭങ്ങളും പ്രധാനപ്പെട്ടതാണ്. ഇതില്‍ കേരളം മുന്നോട്ടുവച്ചിട്ടുള്ള റീബില്‍ഡ് കേരള പദ്ധതി നിര്‍ണായക പങ്കുവഹിക്കുന്നതാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കുക, ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍ക്കെതിരായ തയാറെടുപ്പുകള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണു റീബില്‍ഡ് കേരള പ്രവര്‍ത്തിക്കുന്നത്. വിവിധ മേഖലകളില്‍ 8196 കോടി രൂപയുടെ ദുരന്ത നിവാരണ കാലാവസ്ഥാ പ്രതിരോധ പദ്ധതികള്‍ക്കാണു റീബില്‍ഡ് കേരള മുന്‍കൈയെടുത്തിട്ടുള്ളത്. ഗതാഗതം, കാര്‍ഷികവൃത്തി, മാലിന്യ സംസ്‌കരണം, ജലവിതരണം, സാമൂഹ്യക്ഷേമം തുടങ്ങിയവയ്ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുമ്പോള്‍ ദുരന്ത പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി. കേരളത്തിന് അനുവദിക്കുന്ന 865.8 കോടി രൂപയുടെ വികസന വായ്പാ കരാര്‍ ചടങ്ങില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയും റീബില്‍ഡ് കേരള് ഇനിഷ്യേറ്റിവ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ബിശ്വനാഥ് സിന്‍ഹയും എ.എഫ്.ഡി. കണ്‍ട്രി ഡയറക്ടര്‍ ബ്രൂണോ ബോസ്ലെയും കരാറില്‍ ഒപ്പുവച്ചു. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ലോകബാങ്ക് റിപ്പോര്‍ട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. കോവളം ഹോട്ടല്‍ ലീലയില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വേള്‍ഡ് ബാങ്ക് സൗത്ത് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ജോണ്‍ എ. റൂമി, ഇന്റര്‍നാഷണല്‍ സോളാര്‍ അലിയന്‍സ് ചീഫ് ഓഫ് ഓപ്പറേഷന്‍സ് ജോഷ്വ വൈക്ലിഫ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ലീന നന്ദന്‍, സംസ്ഥാന ആഭ്യന്തര, പരിസ്ഥിതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവര്‍ പങ്കെടുത്തു.
സമ്മേളനം ഇന്നു സമാപിക്കും. ജനകേന്ദ്രീകൃത കാലാവസ്ഥാ സേവനം, കാലാവസ്ഥാ ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബഹുമുഖ പ്രവര്‍ത്തന പരിപാടി, ക്ലൈമറ്റ് സ്മാര്‍ട്ട് നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ നടക്കും. വൈകിട്ട് 3.45നു നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നീതി ആയോഗ് സി.ഇ.ഒ. പരമേശ്വരയ്യര്‍ പങ്കെടുക്കും.