തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവ് 2024, കേരള വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇന്നും നാളെയുമായി നടക്കും. കേരള സംസ്ഥാന യുവജന കമ്മീഷനും സ്റ്റാർട്ടപ്പ് കമ്പനിയായ ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നവ കേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഈ കൂടിക്കാഴ്ചയിലാണ് പുതിയ കണ്ടന്റ് ക്രീയേറ്റേഴ്സിന് വേണ്ടി സർക്കാർതലത്തിൽ വർക്ക്‌ഷോപ്പ് വേണമെന്ന് ആവശ്യം ഉയർന്നത്. ഈ നിർദ്ദേശത്തെ യുവജനക്ഷേമ കമ്മീഷൻ നടപ്പിലാക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാകും കോൺക്ലെവിൽ പങ്കെടുക്കുക എന്ന് യുവജനക്ഷേമ കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കണ്ടന്റ് ക്രിയേഷൻ എന്ന മേഖലയിലൂടെ യുവാക്കളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം കൂടി കോൺക്ലെവിന് ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം 4:30ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോൺക്ലെവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ ഏറ്റവും അധികം ഫോളോവേഴ്സുള്ള യൂട്യൂബ്റായ കെ എൽ ബ്രോ ബിജുവിനെ ചടങ്ങിൽ ആദരിക്കും. സാമൂഹ്യ മാധ്യമ വിദഗ്ധയായ വിപാഷ ജോഷിയാണ് കോൺക്ലെവിന്റെ സിലബസും സെഷൻസും തയ്യാറാക്കിയിരിക്കുന്നത്.
വിവിധ മേഖലകളിലെ വൈവിധ്യമുള്ളവരാണ് സെഷനുകൾ കൈകാര്യം ചെയ്യുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്, സ്റ്റാർട്ടപ്പ് മിഷൻ, മിൽമ, എന്നിവർ കോൺക്ലെവിന്റെ പങ്കാളികളാകുന്നുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ കണ്ടൻ ക്രിയേറ്റ്സും അനുഭവങ്ങൾ പങ്കുവെക്കാൻ കോൺക്ലേവിൻ്റെ ഭാഗമാകും.
ന്യൂസ് അറ്റ് ഹൗസ് എന്ന യൂട്യൂബ് ചാനലിലെ എഡിറ്റർ ശ്രീ കെ വി മധു നയിക്കുന്ന ചർച്ചയിൽ അപർണ്ണ, ജസീം, ഐപ്പ് വള്ളിക്കാടൻ, ഡോക്ടർ വൈശാഖൻ തമ്പി തുടങ്ങിയവർ പങ്കെടുക്കും. കോൺക്ലേവിന് ശേഷവും പ്രതിനിധികൾക്കായി തുടർ പരിശീലനം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.