കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരം: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

ആര്‍ദ്രകേരളം പുരസ്‌കാരം വിതരണം ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് തദ്ദേശ സ്വംയംഭരണ വകുപ്പ് മന്ത്രി എ.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നമ്മുടെ ആയുര്‍ദൈര്‍ഘ്യം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. അതേസമയം ആരോഗ്യക്ഷമതയും കായികക്ഷമതയും കുറവാണ്. അതില്‍ നമുക്ക് മുന്നേറാനാകണം. നല്ല ആരോഗ്യത്തോടു കൂടി പ്രവര്‍ത്തിക്കണം. ആരോഗ്യകരമായ പശ്ചാത്തലമൊരുക്കണം. രോഗം വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണം. അതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തിന്റെ ഉദ്ഘാടനം കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി വലിയ തോതിലുള്ള മുന്നേറ്റമാണ് നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതെല്ലാം വമ്പിച്ച വിജയത്തിലേക്കാണ് പോകുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയെ ലോകം വിസ്മയത്തോടെയാണ് കാണുന്നത്. നിപയേയും കോവിഡിനേയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞു. ജനികീയ ആരോഗ്യ പ്രസ്ഥാനങ്ങളുടെ ഭാഗമായി കൂട്ടായി പ്രവര്‍ത്തിച്ചതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.ജനകീയാസൂത്രണത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി സംയോജിച്ചാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത്. ഇതൊരു പുതിയ കാഴ്ചപ്പാടാണ്. അതിന്റെ ഭാഗമായാണ് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടത്തുന്നത്. ഈതിലൂടെ കൂടുതല്‍ നല്ല രീതിയില്‍ വിജയം കൈവരിക്കാനാകുമെന്നും മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.കേരളത്തിന്റെ ജനകീയ പങ്കാളിത്തമാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിന് നേതൃത്വം കൊടുക്കുന്നത് ജനപ്രതിനിധികളും ജനങ്ങളുമാണ്. അതാണ് കേരളത്തിന്റെ സവിശേഷത. സംസ്ഥാന സര്‍ക്കാരിന് കോവിഡ് പ്രതിരോധത്തത്തില്‍ വെല്ലുവിളികളെ അതിജീവിക്കാനായത് ഈ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയിലൂടെ ഏത് വെല്ലുവിളിയേയും അതിജീവിക്കാനാകും. രോഗനിര്‍മാജനത്തിനും ജീവിത ശൈലീ രോഗങ്ങള്‍ കുറച്ച് കൊണ്ടുവരുന്നതിനും വലിയ പ്രയത്‌നമാണ് സംസ്ഥാനം നടത്തുന്നത്. മികച്ച രീതിയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് തദ്ദേശസ്ഥാപനങ്ങള്‍. ഇത് കൂടുതല്‍ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിശിഷ്ടാതിഥിയായി.