കിലെയെ ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിനെ (കിലെ) ദേശീയ നിലവാരത്തിലുള്ള ഗവേഷണ പഠന കേന്ദ്രമാക്കുമെന്നു തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടു കിലെ ആരംഭിച്ച എക്‌സിക്യൂട്ടീവ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ഇന്‍ ലേബര്‍ ലോസ് ആന്‍ഡ് മാനേജ്‌മെന്റ് ഓണ്‍ലൈന്‍ കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടു കിലെ ആരംഭിക്കുന്ന സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് ട്രേഡ് യൂണിയന്‍ രംഗത്തുള്ളവര്‍, ഹ്യൂമന്‍ റിസോഴ്സസ് മേഖലയിലുള്ളവര്‍, നിയമ വിദ്യാര്‍ഥികള്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവര്‍ക്കു വളരെ പ്രയോജനം ചെയ്യുന്നതാണെന്നു മന്ത്രി പറഞ്ഞു. മിനിമം വേതനം കൃത്യമായി നടപ്പാക്കുന്ന ഏക സംസ്ഥാനമാണു കേരളം. മിനിമം വേജസ് കമ്മിറ്റി ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. അതുകൊണ്ടുതന്നെ തൊഴില്‍നിയമങ്ങളെക്കുറിച്ചുള്ള അവബോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
ലേബര്‍ കോഡുകള്‍, പോഷ് ആക്ട്, മാനേജ്മന്റ് പ്രിന്‍സിപ്പല്‍സ് എന്നീ വിഷയങ്ങളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചടങ്ങില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മിഷണര്‍ ടി.വി അനുപമ, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.