കിറ്റ്‌സിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കിറ്റ്‌സിനെ അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം പരിശീലന ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) സംഘടിപ്പിച്ച ‘മികവ് 2022’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ അക്കാദമിക്ക് കോഴ്‌സുകളും പരിശീലനവും നടത്തി വരുന്ന കിറ്റ്‌സ് ടൂറിസം വ്യവസായത്തിന് ആവശ്യമായ നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള സര്‍വകലാശാലയുടെ ബിരുദ ബുരദാനന്തര കോഴ്‌സുകളില്‍ റാങ്കുകള്‍ കരസ്ഥമാക്കിയ കിറ്റ്‌സിലെ പൂര്‍വവിദ്യാര്‍ത്ഥികളെയും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും നേടിയവരുടെയും കാമ്പസ് പ്ലെയിസ്‌മെന്റിലൂടെ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ വിവിധ കമ്പനികളില്‍ ജോലി നേടിയവരെയും കലാകായിക മേഖലകളില്‍ സംസ്ഥാനതലം വരെ മികച്ച നേട്ടം കൈവരിച്ചവരുമായ 70ല്‍ പരം വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
കിറ്റ്‌സ് ഡയറക്ടര്‍ ഡോ.ദിലീപ് എം.ആര്‍., തിരുവനന്തപുരം എയര്‍പോര്‍ട് ഹെഡ് ഓഫ് ഓപ്പറേഷന്‍സ്, പി.കെ.അജു, കിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ.ബി രാജേന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ദീപ സുരേന്ദ്രന്‍, ഡോ.സി.കെ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.