കണ്ടറിഞ്ഞ കശ്മീരിനു കലാവിഷ്‌കാരമൊരുക്കി കെഎംഇഎ ആര്‍ക്കിടെക്ച്ചര്‍ കോളേജ്

കൊച്ചി: കശ്മീരിനെ കലയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു മട്ടാഞ്ചേരി അര്‍മാന്‍ ബില്‍ഡിംഗിലെ സ്റ്റുഡന്റ്‌സ് ബിനാലെയില്‍ എടത്തല കെ എം ഇ എ കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍. വായിച്ചും കേട്ടും അറിഞ്ഞതിന്റെ ചുവടുപിടിച്ച കേവല ഭാവനാസങ്കല്‍പ്പ സൃഷ്ടിയല്ലിത്. കശ്!മീരില്‍ യാത്രപോയി ദിവസങ്ങള്‍ ചെലവഴിച്ച് നാടും നാട്ടുകാരുടെ ജീവിതവും നേരിട്ടറിഞ്ഞതിന്റെ ബഹുതല സ്പര്‍ശിയായ പ്രതികരണങ്ങളാണ് കലാരൂപങ്ങളായത്. 70 വിദ്യാര്‍ഥികളുടെ ചിന്തയുടെയും ഭാവനയുടെയും വിവിധതലങ്ങളില്‍ വ്യത്യസ്ത മാധ്യമങ്ങളിലും സങ്കേതങ്ങളിലും ആവിഷ്‌കൃതമായത് മൊത്തം 64 സൃഷ്ടികള്‍. ഇക്കൂട്ടത്തില്‍ ഛായാചിത്രങ്ങളുണ്ട്, കുറിപ്പുകളുണ്ട്, കവിതയുണ്ട്, ഡിജിറ്റല്‍ ആര്‍ട്ടുണ്ട്, ഡ്രോയിങ്ങുകളുണ്ട്,ഡൂഡിലുകളുണ്ട്, പ്രതിഷ്ഠാപന(ഇന്‍സ്റ്റലേഷന്‍)ങ്ങളുണ്ട്. ഓരോ സൃഷ്ടിയും തനതു നിലയ്ക്ക് സംവദിക്കുമ്പോള്‍ തന്നെ എല്ലാം ഉള്‍ച്ചേര്‍ന്ന ഒറ്റയൊരു പ്രതിഷ്ഠാപനമായും കശ്മീര്‍സന്ദേശം നല്‍കുന്നു.

പ്രചോദിപ്പിക്കുന്ന ജീവിത പരിസരങ്ങള്‍, കര്‍മ്മകുശലത, പൈതൃകം, പരമ്പരാഗത ആചാരങ്ങള്‍, വാക്കുകളിലെ സംഗീതം എന്തിന് അവരുടെ ചെറുചിരിപോലും വിവിധമാധ്യമങ്ങളിലൂടെ പ്രകാശിതമാകുകയാണിവിടെ. പ്യൂപ്പയുടെ കവചത്തിലെന്നവണ്ണം ഒതുങ്ങി കഴിയുന്ന അവരുടെ ജീവിതത്തിലേക്ക് ആവുംവിധം പ്രവേശിക്കാന്‍ കഴിഞ്ഞതിന്റെ പ്രതിഫലനം കവിതാശകലങ്ങളില്‍, കുറിപ്പുകളില്‍ കലാരൂപങ്ങളില്‍ വായിക്കാം കണ്ടറിയാം. ‘കശ്മീരിനെക്കുറിച്ച് പലവിധ തെറ്റിദ്ധാരണകളും മുന്‍വിധികളുമുണ്ടാകാം. പട്ടാളം, തീവ്രവാദം,തെരച്ചില്‍, അക്രമം…….ഒരു പേടിയാണ് ആദ്യം തോന്നുക. ഇതുപക്ഷേ കടല്‍വെള്ളത്തിനുമീതെ കാണുന്ന മഞ്ഞുമലയുടെ അഗ്രം മാത്രമാണത്. പത്തുശതമാനം മാത്രം വരുന്നത്. മൂല്യവും ആഴവും ഗരിമയുമുള്ള ജനജീവിതമുള്‍പ്പെടുന്ന ബാക്കി 90 ശതമാനവും വെള്ളത്തിനടിയിലുണ്ട്. അത് പല വീക്ഷണകോണുകളില്‍ മാര്‍ഗങ്ങളില്‍ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് പ്രദര്‍ശനത്തിന് ‘ജന്നത്ത് ഇ കശ്മീര്‍ ഞങ്ങളുടെ കണ്ണുകളിലൂടെ’ എന്ന പേര്’ കോ ഓര്‍ഡിനേറ്ററായ വിദ്യാര്‍ത്ഥി ഷബ്‌ന ഷിറിന്‍ വിശദീകരിച്ചു.

കശ്മീരിലെ ദാല്‍ തടാകത്തിന്റെ ആവിഷ്‌കാരമാണ് പ്രതിഷ്ഠാപനങ്ങളിലൊന്ന്. അക്രിലിക് ഷീറ്റുകളും പ്ലൈവുഡും വെള്ളത്തില്‍ നിന്നുള്ള പ്രതിഫലനവുമൊക്കെ ഇതില്‍ സങ്കേതമാകുന്നു.വിദ്യാര്‍ത്ഥികളുടെ 18 അംഗസംഘം ബിനാലെ വേദിയില്‍ പ്രതിഷ്ഠാപനം ഒരുക്കാന്‍ നേരിട്ടെത്തി. ഇവരില്‍ ഏകോപനം നിര്‍വ്വഹിച്ച ഷബ്‌ന ഷിറിന്‍ ഉള്‍പ്പെടെ 11 പേരും പെണ്‍കുട്ടികള്‍. പ്രേംജിഷ് ആചാരിയാണ് ക്യൂറേറ്റര്‍. മിക്കവാറും കലാപഠന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വലിയ അവസരം ലഭിച്ചത് തങ്ങള്‍ക്കും ആര്‍ക്കിടെക്ച്ചര്‍ കോളേജിനും വലിയ അംഗീകാരമാണെന്ന് ഷബ്‌ന ഷിറിന്‍ പറഞ്ഞു.