കോവിഡ് രോഗികൾക്കയി കെ എം എം എൽ സജ്ജമാക്കുന്നതു 2000 ഓക്സിജൻ കിടക്കകൾ
കൊല്ലം : കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) കൊവിഡ് ആശുപത്രി സജ്ജമാക്കുകയാണ്. കമ്പനിക്ക് സമീപത്തെ ചവറ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും, സ്കൂളിന്റെ ഗ്രൗണ്ടിലും, കമ്പനിക്ക് മുൻവശത്തെ ടൈറ്റാനിയം റിക്രിയേഷൻ ക്ലബ് പരിസരത്തുമാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് കൊവിഡ് ആശുപത്രി തയ്യാറാക്കുന്നത്.
ആദ്യഘട്ടം ചവറ ഹയർസെക്കന്ററി സ്കൂളിൽ തയ്യാറാക്കിയ 100 ബെഡുകൾ ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറി. കമ്പനിയിലെ ഓക്സിജൻ പ്ലാന്റിൽ നിന്ന് പൈപ്പ്ലൈൻ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജൻ ലഭ്യമാക്കുന്നത്. അടുത്ത ദിവസങ്ങളിലായി സ്കൂളിലെ പഴയ കെട്ടിടങ്ങളിൽ സജ്ജമാക്കുന്ന 170 ബെഡുകളും കൈമാറും എന്നറിയിച്ചിട്ടുണ്ട്.
സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന ചികിത്സാ കേന്ദ്രം ഒരാഴ്ച്ചക്കകം ഒരുങ്ങും. ടെന്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ നിന്ന് ദിനംപ്രതി ഉൽപാദിപ്പിക്കുന്ന ദ്രവീകൃത ഓക്സിജൻ 6 മുതൽ 7 ടൺവരെയാണ്. ഇതുവരെ ഉൽപാദിപ്പിച്ച 1200 ടണ്ണോളം ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തു. ഈ പ്ലാന്റിൽ മൂന്നുകോടിരൂപ ചെലവഴിച്ച് സാങ്കേതികവിദ്യയിൽ മാറ്റം വരുത്തി മെഡിക്കൽ ഓക്സിജൻ ഉൽപാദനം ദിവസവും 10 ടണ്ണാക്കി വർദ്ധിപ്പിക്കാനുള്ള അനുമതി നൽകിയിട്ടുമുണ്ട്.