സുസ്ഥിര ലക്ഷ്യങ്ങള്‍ പാലിക്കാന്‍ ഇ-സൈക്കിളുകളുമായി കൊച്ചി ഡിസൈന്‍ വീക്ക്

കൊച്ചി: ഡിസൈന്‍ രംഗത്തെ അന്താരാഷ്ട്ര പ്രവണതകള്‍ അവതരിപ്പിക്കാനും അനുവര്‍ത്തിക്കാനും ലക്ഷ്യമിട്ട്് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥേയത്വം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിര പാരിസ്ഥിതിക മാതൃക പിന്തുടര്‍ന്നു കൊണ്ടാണ്. വാന്‍ മൊബിലിറ്റി വൈദ്യുത സൈക്കിളാണ് ഡിസൈന്‍ വീക്കിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും നോട്ടീസ് വിതരണത്തിനും ഉപയോഗിക്കുന്നത്.
ഡിസംബര്‍ 16, 17 തിയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ഐലന്റില്‍ നടക്കുന്ന ഡിസൈന്‍ വീക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
കൊച്ചി ഡിസൈന്‍ വീക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര പാരിസ്ഥിക സൗഹൃദമാക്കുകയാണ് സംഘാടകര്‍. ഇതിന്റെ ഭാഗമായി ഡിസൈന്‍ വീക്കിന് നാല് വൈദ്യുത സൈക്കിളുകള്‍ വാന്‍ മൊബിലിറ്റി എന്ന കമ്പനി നല്‍കയിട്ടുണ്ട്. ഡിസൈന്‍ വീക്കിന്റെ വോളണ്ടിയര്‍മാര്‍ ഈ സൈക്കിളുകള്‍ ഉപയോഗിച്ചാകും പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന ഈ പരിപാടിയില്‍ പാരിസ്ഥിതിക സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ആശയം ഉയര്‍ന്നു വന്നതെന്ന് കൊച്ചി ഡിസൈന്‍ വീക്കിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് മേധാവി കീര്‍ത്തി തിലകന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അവബോധം പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഈ ഉദ്യമം സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
ഇലക്ട്രിക് ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടിരിക്കുന്ന കമ്പനിയാണ് വാന്‍ മൊബിലിറ്റിയെന്ന് സിഇഒ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു. വളരെ വ്യത്യസ്തമാര്‍ന്ന ഡിസൈനാണ് സൈക്കിളിന്റേത്. ഡിസൈന്‍ വീക്കില്‍ സുസ്ഥിര ലക്ഷ്യങ്ങള്‍ പാലിക്കുന്നതിനുള്ള സഹകരണമെന്ന രീതിയിലാണ് ഇ-സൈക്കിളുകള്‍ നല്‍കിയത്. മലിനീകരണത്തിനെതിരായ വലിയ സന്ദേശത്തിനൊപ്പം വാന്‍ മൊബിലിറ്റിയുടെ ഡിസൈന്‍ രീതിയും അവതരിപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡിസൈനുമായി ബന്ധപ്പെട്ട മേഖലകളിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെടെ 2500 ലേറെ പേരാണ് പങ്കെടുക്കുന്നത്. ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ബില്‍ഡര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ഉച്ചകോടിയെന്ന പ്രത്യേകതയും കൊച്ചി ഡിഡൈന്‍ വീക്കിനുണ്ട്.
അന്തര്‍ദേശീയ വ്യവസായ സ്ഥാപനങ്ങളായ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഡിസൈന്‍ കൗണ്‍സില്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് (ഐഐഐഡി), തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈന്‍ വീക്കുമായി സഹകരിക്കുന്നുണ്ട്.