മികച്ച വാര്‍ഡ് തലജാഗ്രത സമിതികള്‍ക്ക് അവാര്‍ഡ് നല്‍കും പി.സതീദേവി

ആലപ്പുഴ: മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശ ഭരണ കൂടങ്ങളിലെ ജാഗ്രത സമിതികള്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുക്കുകയായിരുന്നു അവര്‍. ജാഗ്രത സമിതികള്‍ കാര്യക്ഷമമാകുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, അയല്‍വാസികളുമായുള്ള തര്‍ക്കങ്ങള്‍ എന്നിവ തടയുന്നതിനും നിയമസഹായം നല്‍കുന്നതിനും വേഗത്തില്‍ സാധിക്കും. ഇതിലൂടെ കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പടെ കമ്മീഷനുമുമ്പില്‍ എത്തുന്ന പ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ പരിഹരിച്ച് മുന്നോട്ടു പോകാന്‍ സാധിക്കുമെന്നും അതിനുള്ള പരിശീലനം വനിത കമ്മീഷന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് തുടങ്ങിയ നാല് തലങ്ങളില്‍ ഓരോ അവാര്‍ഡുകളാണ് നല്‍കുക. അതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിച്ചിട്ടുണ്ട്. ജില്ലയില്‍ നടന്ന അദാലത്തില്‍ ആകെ ലഭിച്ച 90 പരാതികളില്‍ 30 എണ്ണം തീര്‍പ്പാക്കി. 12 പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. 48 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയ വരനും കുടുംബത്തിനുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട ആലപ്പുഴ സ്വദേശിനി കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതിയില്‍ നഷ്ടപരിഹാരം അനുവദിച്ചു കിട്ടിയതിനെ തുടര്‍ന്ന് കമ്മീഷിനിലെ പരാതി പിന്‍വലിച്ചുവെന്ന് കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. അദാലത്തില്‍ ലഭിച്ച പരാതികളിലേറെയും കുടുംബ പ്രശ്‌നവും അയല്‍പക്ക തര്‍ക്കവുമാണ്. കുടുംബ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഈ കാലഘട്ടം നേരിടുന്ന പ്രധാന പ്രശ്‌നം. ഭാര്യ അടിമയാണ് എന്ന പുരുഷന്മാരുടെ കാഴ്ചപ്പാട് മാറണം സഹജീവിയായി അംഗീകരിക്കുന്ന മാനസികാവസ്ഥ പുരുഷന്മാര്‍ക്ക് ഉണ്ടാകണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പുതിയ സുപ്രീം കോടതി വിധി പോലും ഇത്തരം മനോഭാവങ്ങള്‍ക്കെതിരെയാണ് വന്നിട്ടുള്ളത്. വനിത കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, അഡ്വക്കേറ്റുമാരായ ജിനു എബ്രഹാം, മിനിസ, അംബിക കൃഷ്ണന്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.