സംസ്ഥാനത്തു 24,166 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകള്‍ നടത്തി.

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു 24,166 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,35,232 പരിശോധനകള്‍ നടത്തി. 181 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,41,966 പേരാണ്. ഇന്ന് 30,539 പേര്‍ രോഗമുക്തരായി.മെയ് 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. മെയ് 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ അത് 22.55 ആയിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ 12.61 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തില്‍ 9.03 ശതമാനവും കുറവുണ്ടായിരിക്കുന്നു.

കോവിഡ് ബാധിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. മൂന്നുലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നല്‍കും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക് കൂടുതലാണ്. ഈ ജില്ലകളില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.
പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കും.ഓണ്‍ലൈന്‍ അഡ്വൈസിന്‍റെ വേഗത വര്‍ധിപ്പിക്കണമെന്ന് പിഎസ്സിയോട് ആവശ്യപ്പെട്ടു.

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. 52 പേര്‍ക്ക് മാത്രമാണ് നിലവില്‍ ഇവിടെ രോഗം വന്നിട്ടുള്ളത്. എന്നിട്ടും ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.

കാലവര്‍ഷ ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാകുകമ്പോള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും.നിര്‍മാണ മേഖലയില്‍ മെറ്റല്‍ കിട്ടാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ക്രഷറുകള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും.ഓക്സിമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോണ്‍ അറിയിച്ചിട്ടുണ്ട്. അത് പരമാവധി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.

ആവശ്യമായ മരുന്നുകള്‍ വാങ്ങിനില്‍കാന്‍ വിദേശത്തുള്ള പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, പല മരുന്നുകളും അവര്‍ക്ക് അവിടെ ലഭ്യമല്ല. അത് എവിടെനിന്നാണ് ലഭ്യമാവുക എന്ന് അറിയിച്ചാല്‍ വാങ്ങി നല്‍കാന്‍ തയ്യാറാണെന്നാണ് പല വിദേശ മലയാളികളും അറിയിച്ചിട്ടുള്ളത്. കെഎംഎസ്സിഎല്‍ നോര്‍ക്കയുമായി ചേര്‍ന്ന് ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തും.

സ്ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിലവില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്. നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്നും അവ മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും.

നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും സഹായിക്കുകകും ചെയ്യുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ എന്നിവ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ എന്നിവ രണ്ടുദിവസം തുറക്കുന്നതിനും അനുമതി നല്‍കും.

രണ്ടാമത്തെ കോവിഡ് തരംഗം ഉച്ചസ്ഥായിയില്‍ എത്തി രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച് ആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുന്‍പ് വിശദമാക്കിയതാണ്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്കിടയില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നത്. മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രോഗവ്യാപനത്തിന്‍റെ വേഗം പിടിച്ചുനിര്‍ത്തി ആരോഗ്യസംവിധാനത്തിനുള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുക എന്ന നയമാണ് നാം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാള്‍ നീണ്ടു നില്‍ക്കുന്ന രോഗവ്യാപനത്തില്‍ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റവും നന്നായി നിര്‍വഹിക്കുക എന്നതിന് പ്രാധാന്യം നല്‍കിയേ തീരൂ.

ലോക്ഡൗണ്‍ ഇളവുകള്‍ ലഭിക്കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതുകൊണ്ട് ലോക്ഡൗണ്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിനിടയാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ഉണ്ടാകാതെ നമ്മള്‍ നോക്കണം.

മാസ്ക്, സാനിറ്റൈസര്‍ മുതലായ കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിലയ്ക്ക് തന്നെ വില്‍ക്കണമെന്ന് നേരത്തേ ഉത്തരവായിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും ഇവ വിലകൂട്ടി വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടിയ വിലയ്ക്ക് ഇത്തരം സാധനങ്ങള്‍ വിറ്റ കാസര്‍കോട്ടെ ചെര്‍ക്കളം, മഞ്ചേശ്വരം, ബദിയടുക്ക എന്നിവിടങ്ങളിലെ മൂന്ന് മരുന്നുകടകള്‍ക്കെതിരേ കേസെടുക്കുകയും അവ അടപ്പിക്കുകയും ചെയ്തു. തൊടുപുഴയില്‍ ഒരു സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടു മുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ യഥാസമയം അറിയിക്കലും ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്‍ററിനോട് മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളില്‍ത്തന്നെ ഉണ്ടാകുന്നത്.

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000ന് താഴെയാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ബുധനാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടിപിആര്‍ ആണ് ഇത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ജനങ്ങളെ ആശ്വസിപ്പിച്ചും ബോധവല്‍കരിച്ചുമുള്ള സന്ദേശം പുറപ്പെടുവിക്കാന്‍ കാസര്‍കോട് ജില്ലയിലെ ആരാധനാലയങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കോവിഡ് വാക്സിനേഷന്‍ സെന്‍ററിന്‍റെ വിപുലീകരണത്തിനായി തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി മദ്രസ കെട്ടിടം വിട്ടുനല്‍കി.

എടത്വയില്‍ കോവിഡ് ബാധിച്ച് മരിച്ച ഇടവക അംഗമല്ലാത്തയാളുടെ മൃതദേഹം വെള്ളക്കെട്ടിനെ തുടര്‍ന്ന് സംസ്കരിക്കാന്‍ കഴിയാത്തതിനാല്‍ എടത്വ സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കാന്‍ അനുവാദം നല്‍കിയ പള്ളി അധികാരികളുടെ നടപടി അഭിനന്ദാര്‍ഹമാണ്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും കോവിഡ് ബ്രിഗേഡിന്‍റെ ഭാഗമാകാന്‍ ഇതുവരെ ലഭിച്ചത് 74,032 അപേക്ഷകളാണ്. അതില്‍ എല്ലാവരേയും തന്നെ അതാത് ജില്ലകളില്‍ നിന്നും ബന്ധപ്പെടുകയും 8467 പേരെ നിയമിക്കുകയും ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി കോവിഡ് ബ്രിഗേഡിലെയ്ക്ക് 23,975 അപേക്ഷകള്‍ക്ക് അനുമതി നല്‍കി. അതില്‍ 17,524 പേരെ നിയമിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്തും ലോക്ക്ഡൗണ്‍ നിലവിലുള്ള മറ്റു ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസിന്‍റെ പ്രത്യേകസംഘം വാഹനപരിശോധന നടത്തിവരുന്നു. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,188 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,776 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 36,24,550 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

പല ജില്ലകളിലും വ്യാജമദ്യത്തിന്‍റെ നിര്‍മാണവും ഉപയോഗവും വന്‍തോതില്‍ വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയുടെ ഉല്‍പാദന വിതരണ കേന്ദ്രങ്ങളില്‍ പൊലീസും എക്സൈസും ചേര്‍ന്ന് പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.