തിരുവനന്തപുരം: പോസ്റ്റ് ഓഫീസില്‍ പാഴ്‌സല്‍ അയക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഇനി കുടുംബശ്രീയും. തപാല്‍ ഉരുപ്പടികള്‍ പാഴ്‌സല്‍ അയക്കുന്നതിനാവശ്യമായ പായ്ക്കിങ്ങ് ജോലികളാണ് കുടുംബശ്രീ യൂണിറ്റ് ചെയ്തു കൊടുക്കുക. പാഴ്‌സല്‍ അയക്കേണ്ട ഉരുപ്പടികളുടെ വലിപ്പമനുസരിച്ച് തപാല്‍ വകുപ്പിന്റെ താരിഫ് പ്രകാരമുള്ള തുകയാണ് ഉപഭോക്താവ് കുടുംബശ്രീ യൂണിറ്റിന് നല്‍കേണ്ടത്. ഇതു സംബന്ധിച്ച ധാരണപത്രം വ്യാഴാഴ്ച 2.15ന് മാസ്‌കോട്ട് ഹോട്ടലിലെ സൊനാറ്റ ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പോസ്റ്റര്‍ സര്‍വീസ് ഹെഡ് ക്വാര്‍ട്ടര്‍ ഡയറക്ടര്‍ കെ.കെ ഡേവിസ് എന്നിവര്‍ ഒപ്പു വയ്ക്കും. തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആദ്യം നടപ്പാക്കുന്നത് തപാല്‍ ഉരുപ്പടികള്‍ പാഴ്‌സല്‍ അയക്കേണ്ടവര്‍ക്ക് പോസ്റ്റ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിനെ സമീപിക്കാം. ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാകുന്നതും സുരക്ഷിതവുമായ രീതിയില്‍ ഗുണമെന്‍മയുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് പ്രഫഷണല്‍ രീതിയിലായിരിക്കും പായ്ക്കിങ്. കുടുംബശ്രീ വനിതകള്‍ക്ക് വരുമാനം ലഭ്യമാക്കുക എന്നതാണ് സൂക്ഷ്‌സംരംഭ മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. വിജയസാധ്യതകള്‍ പരിശോധിച്ച ശേഷം മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതു കൂടാതെ പോസ്റ്റര്‍ വകുപ്പ് മുഖേന പോസ്റ്റര്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായി പ്രവര്‍ത്തിക്കുന്നതിനും കുടുംബശ്രീ വനിതകള്‍ക്ക് അവസരമൊരുങ്ങും. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ ഷ്യൂലി ബര്‍മന്‍, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേരള സര്‍ക്കിള്‍ കെ. വി. വിജയകുമാര്‍, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസ് ശ്രീകാന്ത് എ.എസ് എന്നിവര്‍ പങ്കെടുക്കും.