തിരുവനന്തപുരം : ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. അവിടെ അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അത്തരം നീക്കങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു ഈ അഭിപ്രായപ്രകടനം.ലക്ഷദ്വീപും കേരളവുമായി ദീര്‍ഘകാലത്തെ ബന്ധമാണ്. ഒരുഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ലക്ഷദ്വീപ്. കേരളത്തിലെ തുറമുഖങ്ങളുമായി അവര്‍ക്ക് വലിയ ബന്ധമാണ്. ചികിത്സാ ആവശ്യത്തിനും മറ്റും കേരളത്തിലാണ് ദ്വീപ് നിവാസികള്‍ പലപ്പോഴും വരാറുള്ളത്. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെ ലക്ഷദ്വീപില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ഥികളെ കാണാന്‍ സാധിക്കും. അങ്ങനെ എല്ലാതരത്തിലും കേരളവുമായി ഇഴകിചേര്‍ന്നാണ് ദ്വീപ് നിവാസികള്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം ഇത്തരം കാര്യങ്ങളിലൊക്കെ ദ്വീപുമായി കേരളത്തിന് വളരെ ദൃഢമായ ബന്ധമാണുള്ളത്. ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായാണ് അറിയാന്‍ കഴിയുന്നത്. സങ്കുചിത താല്പര്യങ്ങള്ക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Kerala
- May 24, 2021