ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം

പുതിയ തീരുമാനങ്ങളുമായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം. ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം

പുതിയ തീരുമാനങ്ങളുമായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം
ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം   24,25 തീയ്യതികളില്‍
പ്രോടേം സ്പീക്കറായി  അഡ്വ. പി ടി എ റഹീം

തിരുവനന്തപുരം : ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തുന്നതിന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കും. ഇത് പരിശോധിച്ചാകും തുടര്‍നടപടികള്‍.

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ കെ-ഡിസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനെ  ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഒപ്പം ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ സ്മാര്‍ട്ട് കിച്ചന്‍ പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാനമായ തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടു. ഇതുസംബന്ധിച്ച് വിശദമായ സര്‍വെ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി നിലവില്‍ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കും. ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.

വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രിവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം  ഈ മാസം 24,25 തീയ്യതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രോടേം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു.
അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ  തീരുമാനിച്ചു. അഡ്വ. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി കെ രാമചന്ദ്രനെ നിയമിച്ചു.