കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും ബി ജെ പിയേയും ബി ജെ പി സര്‍ക്കാരുകളെയും സ്വീകരിച്ചപോലെ കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കൊച്ചി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും ബി ജെ പിയേയും ബി ജെ പി സര്‍ക്കാരുകളെയും സ്വീകരിച്ചപോലെ കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബി ജെ പിസംഘടിപ്പിച്ച് യുവം പരിപാടിയില്‍ സംസാരിക്കുകയായരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
രണ്ട് ആശയങ്ങള്‍ മത്തിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തിന്റെ താത്പര്യങ്ങളേക്കാള്‍ പാര്‍ട്ടിക്ക് പ്രാധാന്യം നല്കുന്ന ഒരുകൂട്ടരും, കേരളത്തിന്റെ താത്പര്യത്തേക്കാള്‍ ഒരു കുടുംബത്തിന് പ്രാധാന്യം നല്കുന്ന മറ്റൊരു കൂട്ടരും ചേര്‍ന്നുളള ഈ പോരാട്ടത്തെ തുടര്‍ന്ന് ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട അവസരം കേരളത്തില്‍ നിഷേധിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ശ്രമിക്കുമ്പോള്‍ മറ്റുചിലയാളുകളുടെ അധ്വാനം സ്വര്‍ണക്കടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരില്‍ നിന്ന് ഇത് ഒളിച്ചുവയ്ക്കാന്‍ സാധ്യമല്ല. അധികാരത്തിലിരിക്കുന്നവര്‍ എങ്ങനെയാണ് കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടുന്നതെന്ന് അവര്‍ക്കറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ അമൃതകാലത്തിലൂടെ മുന്നേറുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കള്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുണ്ടെന്നും കേരളത്തിലെ ‘യുവം’ അതിന്റെ സൂചനയാണെന്നും അഭിപ്രായപ്പെട്ടു. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ലോകത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി. കേരളത്തില്‍ നിന്നുള്ള മഹത് വ്യക്തികള്‍ യുവാക്കള്‍ക്ക് പ്രചോദനമാകണം. ആദി ശങ്കരന്‍, ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെയും സ്വാതന്ത്ര്യ സമരസേനാനികളെയും സംഭാവനകള്‍ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി ജെ പിക്കും രാജ്യത്തെ യുവാക്കള്‍ക്കും ഒരേ കാഴ്ചപ്പാടാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ സര്‍ക്കാര്‍ യുവാക്കളെ അവഗണിക്കുമ്പോള്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുകയാണെന്നും അവകാശപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ തൊഴില്‍ മേളകള്‍ നടത്താതിരിക്കുമ്പോള്‍ ബി ജെ പി സര്‍ക്കാരുകള്‍ തൊഴില്‍ മേളകളിലുടെ വന്‍ അവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സേനകളിലെ കോണ്‍സ്റ്റബിള്‍ പദവികളിലേക്കുള്ള പരീക്ഷകള്‍ ഇനി മുതല്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമല്ല, മലയാളത്തിലും എഴുതാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 13 ഭാഷകളിലാണ് ഇത്തരത്തില്‍ പരീക്ഷയെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്കും സേനകളിലേക്ക് ജോലിക്കായി വലിയ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ജോലികള്‍ക്കായി തുറന്നിടുകയാണെന്നും മോദി പറഞ്ഞു.രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് മോദി വന്നിറങ്ങിയത്. തനത് കേരളീയ വേഷമായ വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടും ധരിച്ചായിരുന്നു വിമാനമിറങ്ങിയത്. കൊച്ചിയില്‍ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി യുവം പരിപാടിനടക്കുന്ന വേദിയിലെത്തിയത്. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയായിരുന്നു റോഡ് ഷോ.