തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളില്‍ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം

തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള താലൂക്ക് തല അദാലത്തുകള്‍ക്ക് തുടര്‍ച്ചയായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം പൂര്‍ണമായി നിലവില്‍ വന്നതായി തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. adalat.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കാത്ത ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ നല്‍കാം. കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ്, കംപ്ലീഷന്‍, ക്രമവത്കരണം, കെട്ടിട നമ്പറിംഗ്, ലൈസന്‍സുകള്‍, ജനനമരണവിവാഹ രജിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ജനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദാലത്ത് സമിതികള്‍ സഹായകരമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അഴിമതിമുക്തവും സമയബന്ധിതവുമായ സേവനങ്ങളൊരുക്കാന്‍, ഉദ്യോഗസ്ഥ തലത്തിലെ ഈ നിരീക്ഷണം ഫലപ്രദമാകും. പൊതുജന സേവന സംവിധാനമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സേവനം ലഭിക്കുന്നതുമായ ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഓണ്‍ലൈനായി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പഞ്ചായത്ത്/ മുന്‍സിപ്പല്‍ തലത്തിലെ പരാതികള്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ കണ്‍വീനറായ ഉപജില്ലാ തല അദാലത്ത് സമിതികള്‍ പരിശോധിക്കും. ഈ സമിതികള്‍ക്ക് പരിഹരിക്കാനാവാത്ത പരാതികളും, കോര്‍പറേഷനുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ ജോയിന്റ് ഡയറക്ടര്‍ അധ്യക്ഷനും അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍വീനറുമായ ജില്ലാ തല അദാലത്ത് സമിതി പരിഗണിക്കും. ജില്ലാ സമിതികള്‍ക്ക് പരിഹരിക്കാനാവാത്ത പരാതികള്‍ പരിഗണിക്കാന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാന അദാലത്ത് സമിതിയും നിലവില്‍ വന്നിട്ടുണ്ട്. ഉപജില്ലാ അദാലത്ത് സമിതികള്‍ 10 ദിവസത്തിലൊരിക്കലും ജില്ലാ സമിതി 15 ദിവസത്തിലും സംസ്ഥാന സമിതി 30 ദിവസത്തിലൊരിക്കലും നിര്‍ബന്ധമായും യോഗം ചേര്‍ന്ന് പരാതികള്‍ തീര്‍പ്പാക്കണം. സമയബന്ധിതമായും നീതിയുക്തമായും ഫയലുകളില്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്‍പ്പെടെ അദാലത്ത് സമിതികള്‍ക്ക് അധികാരമുണ്ടാകും. മെയ് 20നാണ് ആദ്യ ഉപജില്ലാ അദാലത്തുകള്‍ നടന്നത്. സംസ്ഥാനത്താകെ ലഭിച്ച 152 പരാതികളില്‍ 96 എണ്ണവും അന്നുതന്നെ പരിഹരിക്കാനായി. ജില്ലാ സമിതി പരിഗണിക്കാനായി 3 എണ്ണം കൈമാറി. മെയ് 30ന് ചേര്‍ന്ന രണ്ടാമത് ഉപജില്ലാ അദാലത്തില്‍ 242 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 91 എണ്ണത്തിന് അന്നുതന്നെ പരിഹാരം കണ്ടു, 52 പരാതികളില്‍ ഇടക്കാല പരിഹാരം കാണാനായി. മേല്‍സമിതിക്ക് 4 പരാതികളാണ് കൈമാറിയത്. തീര്‍പ്പാക്കിയ പരാതികളില്‍ കൃത്യമായ നടപടി സ്വീകരിച്ചെന്ന് ഉറപ്പാക്കാനും അദാലത്ത് സമിതികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇതിന് പുറമേ, ജനങ്ങളുമായി സംവദിച്ച് സേവനവുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങളും പരിഹാര നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അദാലത്ത് സമിതികള്‍ക്ക് കഴിയും.