ലോക്ഡൗണ്‍ ഇളവ് :കെഎസ്ആര്‍ടിസി സംസ്ഥാനത്തുടനീളം പരിമിത സര്‍വീസുകള്‍ നടത്തും

 

തിരുവനന്തപുരം: സംസ്ഥാനത്ത് 17 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസുകള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ശതമാനം കൂടിയ ) പ്രദേശങ്ങളില്‍ സ്‌റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിലവിലെ ഡ്യൂട്ടി പാറ്റേണ്‍ തുടരും എന്നാല്‍ ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ എന്ന നിലയില്‍ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സര്‍വീസ് നടത്തുക. യാത്രാക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ സര്‍വീസ് നടത്തുകയില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കും.