പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും; പി.എസ്.സി വഴിയല്ലാതെയുള്ള തസ്തികകളില്‍ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോര്‍ഡ്

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പി.എസ്.സി. വഴി നിയമനം നടത്താത്ത തസ്തികകളില്‍ കേന്ദ്രീകൃത നിയമനം നടത്തുന്നതിന് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുള്ള മാനേജിംഗ് ഡയറക്ടര്‍മാരുടെ തസ്തികകള്‍ സെലക്ഷന്‍ ബോര്‍ഡ് വഴി നികത്തും.

 

തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. ഇതിനനുസരിച്ചായിരിക്കും ഭാവിയിലുള്ള സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക.കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പി.എസ്.സി. വഴി നിയമനം നടത്താത്ത തസ്തികകളില്‍ കേന്ദ്രീകൃത നിയമനം നടത്തുന്നതിന് റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കും

ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുള്ള മാനേജിംഗ് ഡയറക്ടര്‍മാരുടെ തസ്തികകള്‍ സെലക്ഷന്‍ ബോര്‍ഡ് വഴി നികത്തും.
പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നതിനായി സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. വിപുലീകരണം, ആധുനികവത്ക്കരണം, നവീകരണം എന്നിവയൊക്കെ ഉള്‍പ്പെടുത്തിയായിരിക്കണം ഇത് ചെയ്യേണ്ടത്.

എം.ഡി.മാരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതോടൊപ്പം സീനിയര്‍ ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ സംവിധാനം നടപ്പിലാക്കുന്നതിനും പ്രതിമാസ പ്രവര്‍ത്തന അവലോകനം നടത്തുന്നതിനുമുള്ള സംവിധാനവും നടപ്പാക്കും.

വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. സര്‍വകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളും വിവിധ കമ്പനികളുമായി ഇതിനായി ഉടന്‍ ചര്‍ച്ച നടക്കും. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നിലൊന്ന് പേര്‍ അതാതു മേഖലകളിലെ വിദഗ്ധരായിരിക്കും.

ഈസ് ഓഫ് ഡ്യൂയിംഗ് ബിസ്സിനസ്സ് ഇന്‍ഡക്സില്‍ ആദ്യ 10 സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.