മയ്യില്‍ എസ്എച്ച്ഒ.നല്കിയ നോട്ടിസ് സര്‍ക്കാര്‍ കാഴ്ചപ്പാടിനു വിരുദ്ധം: മുഖ്യമന്ത്രി

ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ യുടെ നോട്ടിസ് സര്‍ക്കാര്‍ നയം മനസിലാക്കാതെ

ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്കിയ നോട്ടിസുമായി ബന്ധപ്പെട്ടു സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും സര്‍ക്കാരിന്റെ കാഴ്ചപ്പാടിനു വിരുദ്ധവുമാണ്. മയ്യില്‍ എസ്.എച്ച്.ഒ. സര്‍ക്കാര്‍ നയം മനസിലാക്കാതെ തെറ്റായ നോട്ടീസാണു നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ന്നു ഡി.ജി.പി. മാറ്റിയിട്ടുണ്ട്.
രാജ്യത്തു വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അതുകൊണ്ടാണു വിവരം ശ്രദ്ധയില്‍പ്പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.