കൊല്ലം: നമ്മുടെ പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളുടെ പ്രസക്തി നഷ്ടമായ സത്യാനന്തരകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സത്യം അതല്ലെങ്കിലും ഞാന്‍ ആഗ്രഹിക്കുന്ന സത്യം ഇതാണ്. അതുകൊണ്ട് ഞാന്‍ ഇതിനെ പിന്തുടരാനാണ്, വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതാണ് പുതിയ മാധ്യമസംസ്കാരം. ഏറ്റവും കൂടുതല്‍ പക്ഷപാതപരമായി വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന അവതാരകര്‍ക്കും ചാനലുകള്‍ക്കുമാണ് കൂടുതല്‍ പ്രേക്ഷകരുള്ളത്.
പണ്ടുകാലത്ത് സ്വതന്ത്രമാധ്യമങ്ങളെയായിരുന്നു പൊതുസമൂഹം പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് ആ കാഴ്ചപ്പാട് മാറിയിരിക്കുന്നതായും എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ലക്ഷ്മണന്‍ അനുസ്മരണ പ്രഭാഷണവും ജേര്‍ണലിസം അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ ഒരുപക്ഷം മാത്രം പറഞ്ഞിരുന്ന മാധ്യമങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ ഇന്ന് ഏറ്റവും വലിയ രാഷ്ടീയ പ്രചരണ മേഖലയാണ്. അവിടെ അഭിപ്രായവ്യത്യാസങ്ങള്‍ കുറവാണ്. അവിടെ അഭിപ്രായഭിന്നതകളുണ്ടാവുന്നില്ല. അഭിപ്രായവ്യത്യാസങ്ങളും സ്വതന്ത്രചര്‍ച്ചകളുമാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ അതിന്ന് പൂര്‍ണമായും നഷ്ടമായിരിക്കുന്നു. സമൂഹംതന്നെ വാട്സ്ആപ് ഗ്രൂപ്പുകളായി പരിണമിച്ചു. ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളെ ആവശ്യമില്ലാത്ത കാലമാണിത്.
അവര്‍ സ്വയം മാധ്യമങ്ങളെ ബഹിഷ്കരിച്ചുകഴിഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ ഭരണാധികാരികള്‍ ഇന്ന് തയ്യാറാകുന്നില്ല. എപ്പോഴൊക്കെ മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെടുന്നുവോ അപ്പൊഴൊക്കെ ജനാധിപത്യം ദുര്‍ബലപ്പെടുകയും ഏകാധിപത്യം ശക്തിപ്രാപിക്കുകയും ചെയ്യും. ഇന്ന് ടെലിവിഷനും പത്രവും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സമൂഹമാധ്യമങ്ങളോടാണ് മത്സരിക്കുന്നത്. പരദൂഷമത്തിന്റെയും വര്‍ഗീയതയുടെയും സ്ത്രീവിരുദ്ധതയുടെയും കേദാരമായി സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുന്നു.
ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളോട് പൊതുസമൂഹത്തിന് താല്പര്യം ഏറിയതോടെ സമൂഹത്തെ തങ്ങളോടൊപ്പം നിര്‍ത്താന്‍ ടെലിവിഷനും അച്ചടിമാധ്യമങ്ങളും അത്തരം വഴികള്‍ സ്വീകരിച്ചു. ഇതോടെ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൊല്ലത്തിന്റെ ചരിത്രം ആഴത്തില്‍ പഠിച്ച സാമൂഹ്യപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനും തൊഴിലാളി നേതാവുമായിരുന്നു വി ലക്ഷ്മണനെന്ന് എം ജി രാധാകൃഷ്ണന്‍ അനുസ്മരിച്ചു. വി ലക്ഷ്മണന്‍ സ്മാരക ജേര്‍ണലിസം അവാര്‍ഡ് എസ് പി വൈശാഖിന് എം ജി രാധാകൃഷ്ണന്‍ സമ്മാനിച്ചു. മാധ്യമപ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനല്‍ ഡി പ്രേം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് മഹേഷ് കുമാര്‍ പങ്കെടുത്തു. ട്രഷറര്‍ കണ്ണന്‍നായര്‍ നന്ദി പറഞ്ഞു.