ചമയവിളക്കേന്തി പുരുഷാംഗനമാർ


കൊല്ലം:
ചമയപ്പുരയിൽ നിന്നും ഇറങ്ങി വരുന്ന പുരുഷകേസരികളെ കണ്ടു അംഗനമാരുടെ കൺകളിൽ അസൂയയുടെ നിഴലാട്ടം… കാണുന്നവർക്കെല്ലാ കൗതുകം, കൊല്ലത്തെ ഏറ്റവും പ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ചമയ വിളക്ക്. കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന നയന മനോഹരമായ കാഴ്ചയാണ് ചമയ വിളക്കു ദിവസങ്ങളിൽ ഇവിടെ കാണുവാൻ സാധിക്കുക. കേരളത്തിലേയും തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും അനേകം ഭക്തർ ചമയവിളക്കിൽ പങ്കെടുക്കാനെത്തുന്നു. അന്നേ ദിവസം പെൺവേഷം കെട്ടുന്നവരെ നാടും നാട്ടുകാരും ഒരു സ്ത്രീയായി അംഗീകരിക്കുന്ന ദിവസം കൂടിയാണിത്. പുരുഷാംഗനമാർ എന്നാണ് പെൺവേഷം കെട്ടുന്നവരെ വിളിക്കുന്നത്.