റീപൊസിഷനിംഗ് മില്‍മ 2023′ ഏപ്രില്‍ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മില്‍മ ഉല്‍പ്പന്നങ്ങളെ ബഹുരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കത്തക്ക രീതിയില്‍ പാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. വൈകിട്ട് 4.30 ന് തിരുവനന്തപുരം ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍. ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഏകീകൃത പാക്കിംഗ് ഡിസൈനിലുള്ള പാല്‍, തൈര്, നെയ്യ്, ഫ്ളവേഡ് മില്‍ക്ക് തുടങ്ങിയവ മുഖ്യമന്ത്രി വിപണിയില്‍ ഇറക്കും. ചടങ്ങില്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. മില്‍മയും മേഖല യൂണിയനുകളും വിപണിയിലെത്തിക്കുന്ന വിവിധ ഇനം പാല്‍, തൈര്, സെറ്റ് കര്‍ഡ്, ഫ്‌ളേവേര്‍ഡ് മില്‍ക്ക്, നെയ്യ് എന്നീ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഉല്‍പ്പാദന പ്രക്രിയയിലും ഏകീകരണം വരുത്തുകയും സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍ പുറത്തിറക്കുന്ന പാല്‍ ഒഴിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ ഒരുപോലെ അല്ല. ഇതുമാറ്റി ഒരേ ഡിസൈനിലും രുചിയിലും അളവിലും അവതരിപ്പിക്കും. വിലയും ഏകീകരിക്കും. ഇതിനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷം മുമ്പാണ് മില്‍മ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല വികസിപ്പിക്കുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും കെ.എസ്. മണി കൂട്ടിച്ചേര്‍ത്തു. ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് റീപൊസിഷനിംഗ് മില്‍മ 2023 പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര കമ്പനികളോട് മത്സരിച്ച് വിപണി നിലനിര്‍ത്താനും വിപുലപ്പെടുത്താനുമായി മില്‍മയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. പാലുല്‍പ്പാദനവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി., മേയര്‍ ആര്യ രാജേന്ദ്രന്‍, ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ മീനേഷ് സി. ഷാ, ദേശീയ ക്ഷീരവികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി. നന്ദകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സെക്രട്ടറി പ്രണബ്‌ജ്യോതി നാഥ്, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കൗശിഗന്‍, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, കൗണ്‍സിലര്‍ ഷീജ മധു എന്നിവര്‍ ആശംസയര്‍പ്പിക്കും. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി സ്വാഗതവും തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ നന്ദിയും പറയും. മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.ടി. ജയന്‍, എന്‍. ഭാസുരാംഗന്‍, ആസിഫ് കെ. യൂസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.