കൊച്ചി: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ടിലേക്ക് അടുത്ത സീസണില്‍ നിന്നും ഫ്രാ9സില് നിന്നും വിനോദസഞ്ചാരികളെത്തും. ഇതു സംബന്ധിച്ച ആലോചനകളുടെ ഭാഗമായി പാരീസില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുളന്തുരുത്തിയിലെത്തി. എടക്കാട്ടുവയലിലെത്തിയ അമാന്‍ഡ മുററ്റ്, ഉമേഷ് ശര്‍മ്മ തുടങ്ങിയ ടൂര്‍ ഓപ്പറേറ്റര്‍മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്. ജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തിരുമറയൂര്‍ ക്ഷേത്രം, തിരുമറയൂര്‍ പാടശേഖരം, വെളിയനാട് ആദി ശങ്കരന്റെ ജന്മഗൃഹമായ മേല്‍പ്പാഴൂര്‍ മന, ആമ്പല്ലൂര്‍ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്ത്, പരമ്പരാഗതരീതിയില്‍ കൊല്ലപ്പണി ചെയ്യുന്ന ആമ്പല്ലൂര്‍ സ്വദേശി വേലായുധന്റെ ആല, മുളന്തുരുത്തി കൈത്തറി സഹകരണ സംഘം, ഉദയംപേരൂര്‍ പഞ്ചായത്തിലെ പനച്ചിക്കല്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ കേരളോത്സവം നടക്കുന്ന വേദിയിലും സംഘമെത്തി. വൈകുന്നേരം കുടുംബശ്രീ അംഗങ്ങളുടെ കൈകൊട്ടിക്കളിയും സംഘം ആസ്വദിച്ചു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്, സെന്റ് തെരെസാസ് കോളേജ് ഫ്രഞ്ച് ഡിപ്പാര്‍ട്മെന്റ്, കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി എന്നിവര്‍ ചേര്‍ന്നാണ് ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത സീസണ് തുടങ്ങുന്നതിനു മുന്‍പായി ഓരോ പഞ്ചായത്തിലും പത്ത് ഹോംസ്റ്റേകള്‍ സജ്ജീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായര്‍ പറഞ്ഞു. ഇതിനായി സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ച് പരിശീലനം നല്‍കും.
സംസ്ഥാന ടൂറിസം വകുപ്പ് ഉപദേശക സമിതിയംഗം എം.പി.ശിവദത്തന്‍, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, എടക്കാട്ടുവയല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴസണ്‍ ജൂലിയ ജെയിംസ്, ആമ്പല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബിനു പുത്യേതുമാലില്, ജലജ മണിയപ്പന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനന്, ജലജ മോഹനന്, പഞ്ചായത്ത് അംഗങ്ങളായ അസീന ഷാമല്‍, സെന്റ് തെരെസസ് കോളേജിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.