ലഹരിക്കെതിരെ ഗോള്‍ ചലഞ്ചുമായി കുടുംബശ്രീ എറണാകുളം ജില്ലയില്‍ 15 ലക്ഷം ഗോളടിക്കും

 

കൊച്ചി: ലഹരിക്കെതിരെ കുടുംബശ്രീ ഒരുക്കുന്ന ഫുട്‌ബോള്‍ ലഹരിയില്‍ പങ്കു ചേര്‍ന്ന് ജില്ല കളക്ടറും ജില്ല പഞ്ചായത്ത് പ്രസിഡന്റും. കുടുംബശ്രീ സംഘടിപ്പിക്കുന്ന ഗോള്‍ ചലഞ്ചിന്റെ കിക്കോഫ് തൃക്കാക്കര നഗരസഭ സ്‌റ്റേഡിയത്തില്‍ കളക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായി. നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍, വൈസ് ചെയര്‍മാന്‍ എ.എ ഇബ്രാഹീംകുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ നൗഷാദ് പല്ലച്ചി, സുനീറ ഫിറോസ്, പൊലീസ് അസി. കമ്മീഷണര്‍ പി.വി ബേബി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഉണ്ണി കാക്കനാട്, സി.സി വിജു, ഹസീന ഉമ്മര്‍, ഷിമി മുരളി, തൃക്കാക്കര എസ്.എച്ച്.ഓ ആര്‍. ഷാബു, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ എം.ബി പ്രീതി, പ്രോഗ്രാം മാനേജര്‍ ഷൈന്‍ ടി. മണി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ഷക്കീല ബാബു, ജാന്‍സി ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും ഗോളടിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗോള്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ 15 ലക്ഷം ഗോളുകളടിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബര്‍ 19, 20 തീയതികളിലായി നടക്കുന്ന പരിപാടിയില്‍ അയല്‍ക്കൂട്ടം, ബാലസഭ, ജിം, ഓക്‌സിലറി ഗ്രൂപ്പ്, തുടങ്ങി കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ മുഴുവന്‍ പേരെയും പൊതുജനങ്ങളെയും യുവജന സംഘടനകളെയും ക്ലബ്ബുകളെയും പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.