ചികിത്സാവിശകലനത്തില്‍ നൂതനസാങ്കേതികവിദ്യ നിര്‍ണായകം: ഹെല്‍ത്ത്‌ടെക് ഉച്ചകോടി

കൊച്ചി: ആധുനിക സാങ്കേതികവിദ്യകളായ നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് മുതലയാവ ചികിത്സാവിശകലനത്തില്‍ ഏറെ സഹായകരമാണെന്ന് ഹെല്‍ത്ത്‌ടെക് ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായാണ് ഹെല്‍ത്ത്‌ടെക് ഉച്ചകോടി സംഘടിപ്പിച്ചത്.
ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വിശകലനങ്ങളിലാണ് ആധുനിക സാങ്കേതികവിദ്യ ഏറ്റവുമധികം പങ്ക് വഹിക്കുന്നത്. ഒരേ മെഡിക്കല്‍ റിപ്പോര്‍ട്ട് പത്തു ഡോക്ടര്‍മാരെ കാണിച്ചാല്‍ പകുതി പേരെങ്കിലും വിരുദ്ധ അഭിപ്രായങ്ങള്‍ പറയും. എന്നാല്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്ന നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ മാനുഷിക പിഴവ് കുറയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ രോഗീപരിചരണത്തില്‍ സാങ്കേതികവിദ്യകള്‍ക്ക് പരിമിതിയുണ്ട്. സഹാനുഭൂതി കലര്‍ന്ന പെരുമാറ്റം സാങ്കേതികവിദ്യയ്ക്ക് അന്യമാണെന്നും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സാങ്കേതികവിദഗ്ധര്‍ ഡോക്ടര്‍മാര്‍ കൂടിയാകുന്ന കാലമാണിത്. എന്നാല്‍ വൈദ്യശാസ്ത്രമേഖലയുടെ പൂര്‍ണപിന്തുണയില്ലാതെ ഹെല്‍ത്ത്‌ടെക് മേഖലയ്ക്ക് നിലനില്‍പ്പില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മെഡിക്കല്‍ റിക്കാര്‍ഡുകള്‍, രോഗീസഹായം, കൂടിക്കാഴ്ചകള്‍, ഫീസടയ്ക്കല്‍ മുതലായവയില്‍ വലിയ കുതിച്ചുചാട്ടമാണ് ഹെല്‍ത്ത്‌ടെക് നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി സോഫ്റ്റ്‌വെയര്‍ വിഭാഗം ഏര്‍പ്പെടുത്തുന്ന രീതിയിലേക്ക് ആശുപത്രികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാധ്യതയാണ് മേഖലയില്‍ കൊണ്ടുവരുന്നതെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറഞ്ഞു.
ഡിജിറ്റല്‍ സൊല്യൂഷന്‍സ് ലാന്‍ഡ്‌സ്‌കേപ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ്, ആരോഗ്യ മേഖലയിലെ സാങ്കേതിക ഇടപെടലുകളുടെ പ്രസക്തി, രോഗീപരിചരണത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം, ആരോഗ്യ മേഖലയിലെ നിര്‍മ്മിതബുദ്ധി വിനിയോഗം, ആരോഗ്യപരിചരണത്തില്‍ ഡാറ്റ അനാലിസിസിന്റെ പങ്ക്, പകര്‍ച്ചവ്യാധി തടയുന്നതിലെ മികച്ച സാങ്കേതികവിദ്യാ മാതൃകകള്‍, ആരോഗ്യപരിചരണത്തിലെ വിപ്ലവകരമായ മാറ്റങ്ങള്‍, ആരോഗ്യമേഖലയിലെ നിക്ഷേപ സാധ്യതകള്‍, ഹെല്‍ത്ത്‌ടെക് ആവാസവ്യവസ്ഥയില്‍ നൂതന സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക്, തുടങ്ങിയവിഷയങ്ങളിലാണ് പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടന്നത്.
വിംസ് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. സതീഷ് പ്രസാദ് രഥ്, അപ്പോളോ ഹോസ്പിറ്റല്‍ സിഇഒ നീലകണ്ണന്‍ പി, കിംസ്‌ഹെല്‍ത്ത് നെഫ്രോളജി സ്‌പെഷ്യലിസ്റ്റ് ഡോ. പ്രവീണ്‍ മുരളീധരന്‍, അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, എംവിആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍, കാരിത്താസ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. ബോബന്‍ തോമസ്, ചൈതന്യ ഹോസ്പിറ്റല്‍ എംഡി ഡോ. എന്‍ മധു, യുഎന്‍ വിദ്യാര്‍ത്ഥി പരിപാടികളുടെ ദക്ഷിണേഷ്യ കോ-ഓര്‍ഡിനേറ്റര്‍ സുല്‍ത്താന്‍ ഖലീഫ ഹാറൂണ്‍ അല്‍ റഷീദ്, വൃദ്ധി കണ്‍സല്‍ട്ടിംഗ് എംഡി അജയന്‍ കാവുങ്കല്‍, ജോര്‍ജ്ജിയ സര്‍വകലാശാല അസി. പ്രൊഫസര്‍ ഡോ. അമൃത ജോര്‍ജ്ജ്, ഡിലോയിറ്റ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടര്‍ വന്ദന രാജേന്ദ്രന്‍, എസ്‌ഐസിസിഐ ചെയര്‍ ഗോപി കോടീശ്വരന്‍, എം കെയര്‍ ആപ്‌സ് സഹസ്ഥാപകന്‍ മോഹന്‍ നൂനി, അരാമിസ് ഇമേജിംഗ് എംഡി ഡോ. അനില്‍ പ്രഹ്ലാദ്, യുഎന്‍ ഹെല്‍ത്ത് ഇനോവേഷന്‍ എക്‌സ്‌ചേഞ്ച് ഇന്ത്യ പ്രതിനിധി ബിജു ജേക്കബ്, അപ്പോളോ മെഡിസ്‌കില്‍സ് സിഇഒ ഡോ. ശ്രീനിവാസ റാവു, ഇന്ത്യന്‍ ഏയ്ഞ്ജല്‍ നെറ്റ്‌വര്‍ക്ക് വൈസ് പ്രസിഡന്റ് സാന്‍ഡ്രോ സ്റ്റീഫന്‍, സീഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ മനോജ് കുമാര്‍ അഗര്‍വാള്‍, യൂണികോണ്‍ ഇന്ത്യ പ്രതിനിധി രുചി പിന്‍ച, അര്‍ഥ സ്‌കൂളിന്റെ സഹസ്ഥാപകന്‍ ഹരി ടിഎന്‍, ടൈമെഡ് സിഇഒ എസ് ബല്‍റാം, സസ്‌കാന്‍ മെഡിടെക് സിഇഒ സുഭാഷ് നാരായണന്‍, റിയാഫി ടെക്‌നോളജീസിന്റെ സഹസ്ഥാപകന്‍ ജോസഫ് ബാബു, അഗാപെ ഡയഗ്നോസ്റ്റിക് എംഡി തോമസ് ജോണ്‍, ടെരുമോ ടെക്‌നോളജീസ് പ്രതിനിധി അബ്രഹാം മാത്യു, കൈനാടി പ്ലാന്റേഷന്‍സിന്റെ ഉടമ റോഷന്‍ കൈനാടി, മൈകെയര്‍ ഹെല്‍ത്ത് സിഇഒ സെനു സാം, ജെന്‍ റോബോടിക്‌സ് സിഇഒ അഫ്‌സല്‍ മുട്ടിക്കല്‍, മെഡ്ട്ര ഇനോവേഷന്‍സ് എം ഡി രാജേഷ് കുമാര്‍ എസ് എന്നിവരാണ് സംസാരിച്ചത്.