മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് വീഴുമ്പോൾ പൗരാവകാശത്തിന് തന്നെയാണ് വിലക്ക് വീഴുന്നത്; എൻ.കെ.പ്രേമചന്ദ്രൻ എം.പി

വർത്തമാനം ബ്യുറോ

 

മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് വീഴുമ്പോൾ പൗരാവകാശത്തിന് തന്നെയാണ് വിലക്ക് വീഴുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി

കൊല്ലം: മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് വീഴുമ്പോൾ പൗരാവകാശത്തിന് തന്നെയാണ് വിലക്ക് വീഴുന്നതെന്നുംഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സ്ഥിതിയാണ് രാജ്യത്തെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി.  പി.കെ.തമ്പി അനുസ്മരണയോഗവും അടൂർ ബാലൻ സ്മാരക പത്രപ്രവർത്തക പുരസ്കാര ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം ഒഴികെയുള്ള ഭാഷാപത്രങ്ങൾ ഗുരുതരമായ ഭരണകൂട വിധേയത്വം പ്രകടമാക്കുന്ന സമയമാണിതെന്നും ദേശീയ പ്രക്ഷോഭങ്ങൾ ഇംഗ്ലിഷ് പത്രങ്ങളുടെ ഉൾപേജിൽ വരുമ്പോൾ മലയാള പത്രങ്ങളിൽ അവ ഒന്നാം പേജിൽ തന്നെ വായിക്കാനാവുന്നത് മലയാള പത്രങ്ങളുടെ പുരോഗമന സ്വഭാവം കൊണ്ടാണെന്നും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് പറഞ്ഞു.

അടൂർ ബാലൻ സ്മാരക പത്രപ്രവർത്തന പുരസ്കാരം (10,001 രൂപ) മാതൃഭൂമി സീനിയർ റിപ്പോർട്ടർ രതീഷ് രവി ഏറ്റുവാങ്ങി. കൊല്ലം ജില്ലയെ സംബന്ധിച്ച വികസനോത്മുഖ വാർത്തകൾ പരിഗണിച്ചാണ് പുരസ്കാരം.
പ്രസ് ക്ലബ് പ്രസിഡന്റ് ജി.ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൽ ഡി.പ്രേം, ട്രഷറർ സുജിത് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.