വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ല; കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കമ്മീഷൻ

വയനാട് ലോക്സഭ മണ്ഡലത്തിൽ തിടുക്കപ്പെട്ട് ഉപതെരഞ്ഞെടുപ്പ് നടത്തില്ല. കോടതി നടപടികൾ നിരീക്ഷിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി

ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മേയ് പത്തിന്. മേയ് പതിമൂന്നിന് വോട്ടെണ്ണൽ നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കര്‍ണാടക നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്‌ നടക്കുക. മേയ് 10നാണ് തെരഞ്ഞെടുപ്പ്. പത്രികാസമർപ്പണം ഏപ്രിൽ 20വരെ നടത്താവുന്നതാണ്. 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കും.കർണാടകയിൽ അഞ്ച് കോടി 21 ലക്ഷം വോട്ടർമാരുള്ളത് 2.59 സ്ത്രീ വോട്ടർമാരും 2. 62 കോടി പുരുഷ വോട്ടർമാരുമാണുള്ളത്തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ശാരീരിക പരിമിതിയുള്ളവർക്ക് വീടുകളിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. 80 വയസിന് മുകളിലുള്ളവർക്ക് വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാം. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. ഗോത്ര വിഭാഗങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കാൻ പ്രത്യേക പദ്ധതിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

വയനാട്: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഇല്ല. ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കർണാടക തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിനൊപ്പം വയനാട്ടിലെ പ്രഖ്യാപനവും ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒഴിവുവന്ന മണ്ഡലത്തിൽ ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയത്. കോടതി നടപടികൾ നിരീക്ഷിക്കുകയാണെന്നും കമ്മീഷൻ പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ മണ്ഡലത്തിൽ ഉടൻ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം നിലവിൽ ഒഴിഞ്ഞുകിടക്കുന്ന മറ്റു ലോക്സഭ മണ്ഡലങ്ങളിലെയും നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.