കേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാകും സമഗ്ര പരിഷ്‌കരണം ലക്ഷ്യം മുഖ്യമന്ത്രി

കൊച്ചി:സമഗ്ര പരിഷ്‌കരണത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാന സൗകര്യ വികസനം, പാഠ്യപദ്ധതിയിലും ബോധനസമ്പ്രദായത്തിലും നൂതനമായ മാറ്റം, വിദ്യാഭ്യാസ വ്യാവസായിക മേഖലകള്‍ തമ്മിലുള്ള ജൈവബന്ധം തുടങ്ങിയ നടപടികളാണ് ഇതിന്റെ ഭാഗമായി സര്‍ക്കാ!ര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജഗിരി ബിസിനസ് സ്‌കൂളിന് ലഭിച്ച അസോസിയേഷന്‍ ടു അഡ്വാന്‍സ്ഡ് കൊളീജിയറ്റ് സ്‌കൂള്‍സ് ഓഫ് ബിസിനസ് (എ.എ.സി.എസ്.ബി) രാജ്യാന്തര അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച മൂന്ന് കമ്മീഷനുകളുടെ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് ശ്രമം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സാമ്പത്തിക സഹായം നല്‍കുകയും ആ മേഖലയുടെ നിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കുകയും ചെയ്യും. സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യവും ഉറപ്പാക്കും. വിവര സാങ്കേതിക രംഗത്തെ മുന്നേറ്റം പ്രയോജനപ്പെടുത്തി സമൂഹത്തെ വിജ്ഞാനസാന്ദ്രമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാ!ര്‍ കൈക്കൊള്ളുന്നത്. കെ. ഫോണ്‍ അടക്കമുള്ള പദ്ധതികള്‍ ഇതിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇതിനകം നിരവധി വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. 189971 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് 117 കോടി രൂപ വിനിയോഗിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം ആയിരം വിദ്യാര്‍ഥികള്‍ക്ക് നല്‍കി. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലെറ്റ്‌സ് മൂവ് ഡിജിറ്റല്‍ പാഠ്യപദ്ധതി നടപ്പാക്കി. വിവിധ അക്കാദമിക് കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. സര്‍വകലാശാലകളിലെ അക്കാദമിക്, പരീക്ഷാ കലണ്ടറുകള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. നാക് അക്രഡിറ്റേഷന്‍ മാതൃകയില്‍ അംഗീകാരം നല്‍കുന്നതിന് സംസ്ഥാന തലത്തില്‍ ഏജന്‍സിയെ ഏര്‍പ്പെടുത്തി. കേരള സര്‍വകലാശാലയില്‍ ഡോ. താണു പത്മനാഭന്‍ അന്താരാഷ്ട്ര പഠന ഗവേഷണ കേന്രത്തിന് 88 കോടി അനുവദിച്ചു. 77 പേര്‍ക്ക് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് നല്‍കി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.