മന്ത്രി ഗോളടിച്ചു, പിന്നാലെ കുട്ടികളും

വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കം
തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ആവേശവും ലഹരി വിരുദ്ധ സന്ദേശവും മുന്‍നിര്‍ത്തിയുള്ള വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദ്യ ഗോളടിച്ചു. കൂടെ ഇരട്ടി ആവേശത്തോടെ എസ്.എം.വി ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും മന്ത്രിക്കൊപ്പം ചേര്‍ന്നു. ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പുതിയ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ലഹരിവിരുദ്ധ സന്ദേശം കൂടുതല്‍ പേരിലെത്തിക്കുന്നതിനുമായാണ് ‘എന്റെ സ്‌പോര്‍ട്‌സ് എന്റെ ലഹരി’ എന്ന ടാഗ് ലൈനോടെ വണ്‍ മില്ല്യണ്‍ ഗോള്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. കായിക യുവജന കാര്യാലയവും കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബോള്‍ പരിശീലനം നല്‍കും. 1000 കേന്ദ്രങ്ങളിലായി 10നും 12നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ഫുട്‌ബോള്‍ പരിശീലനമാണ് വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ ഭാഗമായി നല്‍കുന്നത്.
ക്യാമ്പയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേര്‍ന്നാണ് ഗോളുകള്‍ അടിക്കുക.
നവംബര്‍ 11 മുതല്‍ 20 വരെ വിവിധ കേന്ദ്രങ്ങളില്‍ വണ്‍ മി്ല്ല്യണ്‍ ഗോള്‍ ക്യാമ്പയിന്‍ നടക്കും. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്.സുധീര്‍, ജില്ലാതല ഗോള്‍ പദ്ധതി അംബാസിഡര്‍ വി.പി ഷാജി, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അജിത് ദാസ് എ എന്നിവര്‍ പ്രസംഗിച്ചു.