പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് വൈക്കോലെത്തിയ്ക്കും

മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പഞ്ചാബില്‍

തിരുവനന്തപുരം: കേരള കാലിത്തീറ്റ കോഴിത്തീറ്റധാതുലവണ മിശ്രിത (ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍ ബില്‍) നിയമം 2019 നടപ്പാക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ 21അംഗ സംഘം പഞ്ചാബ് സന്ദര്‍ശിയ്ക്കുന്നു. പഞ്ചാബില്‍ വിജയപ്രദമായി നടപ്പാക്കിയ കാലിത്തീറ്റ കോഴിത്തീറ്റ ധാതുലവണ മിശ്രിത (ഉല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കല്‍ ബില്‍) നിയമത്തിന്റെ പ്രായോഗിക വശങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയും പരസ്പര സഹകരണം ഉറപ്പാക്കുകയുമാണ് സന്ദര്‍ശന ലക്ഷ്യം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നുമായും, മൃഗസംരക്ഷണ വകുപ്പു മന്ത്രി ലളിത് സിങ്ങ് ഭുല്ലാറുമായും നടത്തിയ ച4ച്ചകള്‍ വിജയകരമായിരുന്നുവെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. പാലുല്‍പാദനത്തില്‍ പഞ്ചാബിനു പിറകില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ലക്ഷക്കണക്കിനു കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ക്ഷീരമേഖല. കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഗുണമേന്‍മയുള്ള കാലിത്തീറ്റയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയുമാണ്. കന്നുകാലികള്‍ക്ക് നല്‍കുന്ന പച്ചപ്പുല്ലിന്റേയും വൈക്കോലിന്റേയും ലഭ്യതക്കുറവും കേരളത്തില്‍ ക്ഷീരമേഖലയെ സാരമായി ബാധിയ്ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ റയില്‍ പദ്ധതി ഉപയോഗപ്പെടുത്തി പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേയ്ക്ക് എത്തിയ്ക്കുന്നതിന് പരസ്പര ധാരണയായതായും മന്ത്രി അറിയിച്ചു. കാലിത്തീറ്റ കോഴിത്തീറ്റ ധാതുലവണ മിശ്രിതം എന്നിവയുടെ നിര്‍മ്മാണത്തില്‍ പരസ്പര സഹകരണം സാധ്യമാണെന്നും മന്ത്രി അറിയിച്ചു. ദേശീയതലത്തില്‍ ആളോഹരി പാല്‍, മുട്ട ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന പഞ്ചാബിലെ സന്ദര്‍ശനത്തിലൂടെ കേരളത്തിലെ ക്ഷീരമേഖലയ്ക്കു പുത്തനുണര്‍വ് പകരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിയ്ക്കുന്നതിന് സഹായകരമായെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
സെലക്റ്റ് കമ്മിറ്റി അംഗങ്ങള്‍ ആയ കെ.പി. മോഹനന്‍, കെ.കെ. രമ, മാത്യു കുഴല്‍നാടന്‍, കുറുക്കോളി മൊയ്തീന്‍, ഡി.കെ. മുരളി, ജോബ് മൈക്കിള്‍, സി.കെ. ആശ, കെ.ഡി. പ്രസേനന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, ജി.എസ്.ജയലാല്‍ എന്നീ എം.എല്‍.എമാരും പഞ്ചാബ് സന്ദര്‍ശനസംഘത്തിലുണ്ട്.