ഇടുക്കി ഡാം തുറക്കല്‍: ആശങ്ക വേണ്ട: മന്ത്രി പി. രാജീവ്

കൊച്ചി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാം തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ഒഴുകിയെത്തുന്ന ജലം സുഗമമായി ഒഴുകിപ്പോകും. ഓപ്പറേഷന്‍ വാഹിനി പദ്ധതിക്ക് ശേഷം പെരിയാറിന്റെ കൈവഴികളിലൂടെയുള്ള നീരൊഴുക്ക് സുഗമമായിട്ടുണ്ട്. കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഔട്ട്‌ലെറ്റുകളെല്ലാം തുറന്ന നിലയിലാണ്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവില്‍ പെരിയാറിലെ മാര്‍ത്താണ്ഡവര്‍മ്മ പാലം, മംഗലപ്പുഴ, കാലടി സ്‌റ്റേഷനുകളിലെ ജലനിരപ്പ് കുറയുകയാണ്. ഇവിടെ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.
പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്യാംപുകളിലേക്കുള്ള ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സജ്ജമാണ്. മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതാത് സന്ദര്‍ഭങ്ങളിലെ സാഹചര്യം വിലയിരുത്തി നടപടികള്‍ സ്വീകരിക്കും. ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍ക്കൊള്ളിച്ച് വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കരയിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാംപില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും എംഎല്‍എമാരുടെയും ഏകോപനത്തോടെയാകും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.
ആലുവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അന്‍വര്‍ സാദത്ത എംഎല്‍എ, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, സബ് കളക്ടര്‍ പി. വിഷ്ണുരാജ്, ആലുവ റൂറല്‍ എസ്പി പി. വിവേക് കുമാര്‍, കൊച്ചിന്‍ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബാജി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ജില്ലയിലെ എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.

അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ സജ്ജമായി ആലുവ താലൂക്ക്

ഇടുക്കി ഡാം തുറക്കുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ സജ്ജമായി ആലുവ താലൂക്ക്.
നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന അടിയന്തര ഘട്ടത്തില്‍ എടുക്കേണ്ട മുന്നൊരുക്കത്തെക്കുറിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അവലോകനം നടത്തി . അടിയന്തര സാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ വകുപ്പുകളും സജ്ജമാണെന്ന് യോഗം വിലയിരുത്തി.
ഡാം തുറക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും.അടിയന്തര ഘട്ടം നേരിടാന്‍ താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് താലൂക്കില്‍ ആകെ ഏഴ് ക്യാമ്പുകളാണ് നിലവിലുള്ളത്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ താലൂക്കിലെ എല്ലാ പഞ്ചായത്തുകളും സജ്ജമാണ്.
24 മണിക്കൂറും പൊലീസിന്റെ സേവനം ലഭ്യമാക്കാന്‍ തയാറെടുപ്പുകള്‍ നടത്തിയതായി പൊലീസ് യോഗത്തില്‍ അറിയിച്ചു. ആലുവ മണപ്പുറം ഉള്‍പ്പെടെ നദിയുടെ തീരത്തും, കടവുകളിലും ആളുകളെ നിയന്ത്രിക്കുന്നതിന് സജ്ജീകരണം ഒരുക്കാനും, ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളില്‍ വിവരം നല്‍കാനും പോലീസിന് നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് യോഗത്തില്‍ അറിയിച്ചു. ആവശ്യമായ വാഹനങ്ങളും, ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങളും സജ്ജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇന്റര്‍ ഏജന്‍സി ഗ്രൂപ്പുകളുമായി ചേര്‍ന്ന് ക്യാമ്പുകളില്‍ ആവശ്യമായ വസ്തുക്കളും, സംവിധാനങ്ങളും ഒരുക്കാന്‍ തിരുമാനമായി.നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ തിങ്കളാഴ്ച രാവിലെ വരെയുള്ള ഭക്ഷണ സാധനങ്ങള്‍ സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു, പോലീസ്, അഗ്‌നിരക്ഷാസേന, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പ്രതിനിധികള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട്: പൂര്‍ണ സജ്ജമായി പറവൂര്‍ താലൂക്ക്

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി പറവൂര്‍ താലൂക്കില്‍ ദ്രുത കര്‍മ്മസേന (ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം) യോഗം ചേര്‍ന്നു. സബ് കളക്ടര്‍ പി.വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കാത്ത ജനങ്ങളെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കാനും ക്യാമ്പുകളിലേക്ക് യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സബ് കളക്ടര്‍ നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് മെഡിക്കല്‍ സ്‌ക്രീനിംഗ് നടത്തി വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറാനും സബ് കളക്ടര്‍ നിര്‍ദേശിച്ചു.
അപകട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍ ഡി.വൈ.എസ്പി എം.കെ മുരളിക്ക് നിര്‍ദേശം നല്‍കി. പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് വാഹനങ്ങളും മറ്റു ഉപകരണങ്ങളും ആവശ്യാനുസരണം എത്തിക്കാമെന്ന് ആര്‍.ടി.ഒ വിഭാഗം യോഗത്തില്‍ ഉറപ്പു നല്‍കി.
താലൂക്കിലെ കണക്കന്‍ കടവ് പാലത്തിനടിയില്‍ മരങ്ങള്‍ വന്നടിഞ്ഞ് ഒഴുക്കു തടസ്സപ്പെട്ടതായി അറിയിപ്പ് ലഭിച്ച ഉടന്‍ സംഭവസ്ഥലത്തെത്തി സാഹസികമായി പുഴയില്‍ ഇറങ്ങി മരവും മറ്റവശിഷ്ടങ്ങളും നീക്കം ചെയ്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റിന് സബ് കളക്ടര്‍ അഭിനന്ദനം അറിയിച്ചു.
പറവൂര്‍ താലൂക്ക് തഹസീല്‍ദാര്‍ കെ.എന്‍ അംബിക, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.ആര്‍ സംഗീത്, ഡി.വൈ.എസ്പി എം.കെ മുരളി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, ആര്‍ടിഒ അധികൃതര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വൈകീട്ട് താലൂക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍മാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. നിലവില്‍ 15 ക്യാമ്പുകളാണ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത്.