വയലാര്‍ രവി യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവ്: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: യുവത്വത്തിന്റെ ഊര്‍ജം പ്രസരിപ്പിച്ച നേതാവാണ് വയലാര്‍ രവി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഹാളില്‍എറണാകുളം പ്രസ് ക്ലബ്ബിന്റെ പി.എസ്. ജോണ്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് വയലാര്‍ രവിക്ക് നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തിന് കേരളം നല്‍കിയ സംഭാവനയാണ് വയലാര്‍ രവി. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് വയലാര്‍ രവി. പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍, സമര്‍ഥനായ നിയമസഭാ സാമാജികന്‍, കാര്യക്ഷമതയുള്ള ഭരണാധികാരി, ഉജ്വലമായ പ്രസംഗ വൈഭവമുള്ള നേതാവ് വയലാര്‍ രവിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ പൊതുതാത്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേന്ദ്രത്തില്‍ പ്രവാസി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ വയലാര്‍ രവി ചെയ്ത കാര്യങ്ങള്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നവരുണ്ട്. വയലാര്‍ രവിയെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മേഴ്‌സി രവിയെക്കുറിച്ച് പറയാതിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതൃകാപരമായ പാരസ്പര്യമാണ് ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നത്. മേഴ്‌സി രവിയുടെ അകാല വേര്‍പാട് രവിയെ ചിറകൊടിഞ്ഞ പറവയേപ്പോലെയാക്കി. ജാതി മത ചിന്തകളില്ലാതെ നന്മയെ നന്മയായി കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ വിശാലമായ മാനവിക കാഴ്ചപ്പാട് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പുതുതലമുറ സ്വന്തം ജീവിതത്തിലും പ്രവൃത്തിയിലും പകര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവാണ് വയലാര്‍ രവി. നല്ല മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുതുതലമുറ തയാറാകണം. പത്രപ്രവര്‍ത്തകനായ പി.എസ്. ജോണും വയലാര്‍ രവിയും പരസ്പരം നന്നായി അറിഞ്ഞവരും അടുത്ത് പ്രവര്‍ത്തിച്ചവരുമാണ്. അതുകൊണ്ടു തന്നെ ഈ അവാര്‍ഡ് സമര്‍പ്പണത്തിന് അതിന്റേതായ ഔചിത്യ ഭംഗിയുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിനപ്പുറം സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും പ്രസ് ക്ലബ്ബ് വ്യാപരിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തനരംഗത്ത് മൂല്യാധിഷ്ഠിതമായി നിലകൊണ്ട വ്യക്തിയാണ് പി.എസ്.ജോണ്‍. വയലാര്‍ രവിയെപ്പോലെ തന്നെ പുതുതലമുറ ഉള്‍ക്കൊള്ളേണ്ട മൂല്യങ്ങള്‍ അദ്ദേഹം മുമ്പോട്ടുവച്ചു. ഇവര്‍ ഇരുവരും പരസ്പരം അറിഞ്ഞവരും അടുത്ത് പ്രവര്‍ത്തിച്ചവരുമാണ്. ആ നിലക്ക് പി.എസ്.ജോണിന്റെ പേരിലുള്ള പുരസ്‌കാരം വയലാര്‍ രവിക്ക് നല്‍കുന്നതില്‍ പ്രത്യേക ഔചിത്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ് ക്ലബ്ബിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
മലയാള മനോരമ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കെ. ജിജീഷ് പ്രശസ്തി പത്രം അവതരിപ്പിച്ചു.
മേയര്‍ എം. അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.പി., ടി.ജെ. വിനോദ് എം.എല്‍.എ, പ്രസ് ക്ലബ്ബ് സെക്രട്ടറി എം. സൂഫി മുഹമ്മദ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് എം.വി. വിനീത, പ്രസ് ക്ലബ് ട്രഷറര്‍ മനു ഷെല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.