കൊല്ലം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാല ‘വാർത്താലാപ്’ 2024 ഒക്ടോബർ 29 ന് കൊല്ലത്ത് നടക്കും. ചിന്നക്കട ഹോട്ടൽ നാണിയിൽ സംഘടിപ്പിക്കുന്ന ശില്പശാല കൊല്ലം ജില്ലാ പോലീസ് മേധാവി ശ്രീമതി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്യും. പിഐബി കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി അധ്യക്ഷത വഹിക്കും. കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ഇഗ്നേഷ്യസ് പെരേരയെ ആദരിക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ ഡി ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര ഗവൺമെന്റ് പദ്ധതികൾ സംബന്ധിച്ച് ശ്രീ പള്ളിപ്പുറം ജയകുമാറും വാർത്താ റിപ്പോർട്ടിംഗിലെ നിർമ്മിത ബുദ്ധി ഉപകരണങ്ങൾ സംബന്ധിച്ച് കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ ഡോ. ഇംതിയാസ് അഹമ്മദ് റ്റി.പി. യും ടൂറിസം രംഗത്തെ സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയത്തിൽ ടൂറിസം മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ശ്രീ എം. നരേന്ദ്രനും ക്ലാസുകൾ നയിക്കും. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പി ഐ ബി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി അവതരണം നടത്തും. പ്രസ് ക്ലബ്ബ് സെക്രട്ടറി ശ്രീ സനൽ ഡി പ്രേം, കേന്ദ്ര പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ സംസാരിക്കും. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര പദ്ധതികൾ സംബന്ധിച്ച പ്രദർശനവുമുണ്ടാകും.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകർക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പി.ഐ.ബി വിവിധ ജില്ലകളിൽ മാധ്യമ ശില്പശാലകൾ സംഘടിപ്പിക്കുന്നത്.