ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെകുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്

കോഴിക്കോട്: ആലപ്പുഴ- കണ്ണൂ‍ർ എക്സിക്യൂട്ടീവ് എക്സ്‍പ്രസ് ട്രെയിൻ തീവെപ്പു കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്സാക്ഷിയായ റാസിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ചുവപ്പു കള്ളി ഷ‍ർട്ടും പാന്റും ധരിച്ചയാൾ റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കുന്നതും അൽപ്പസമയത്തിനു ശേഷം അതുവഴി വന്ന സ്കൂട്ടറിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.അക്രമിയെ കണ്ടെത്താനായി കേരള പോലീസിൻ്റെയും റെയിൽവേ പോലീസിന്റെയും സംയുക്തമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് ഡിജിപി അനിൽ കാന്ത് അറിയിച്ചിട്ടുണ്ട്.

പ്രതിയെക്കുറിച്ചു സൂചന ലഭിച്ചതായാണ് ഡിജിപി നൽകുന്ന വിവരം.കേസ് അന്വേഷിക്കുന്നതിനായി ഡിജിപി ഇന്ന് കണ്ണൂരിലെത്തും. അക്രമി തീകൊളുത്തിയ നടത്തിയ കോച്ച് ഡിജിപി പരിശോധിക്കും. അക്രമത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അന്വേഷണം വിപുലീകരിക്കാനും പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ചേരുന്നുണ്ട്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന സൂചന ലഭിച്ചതിനെ തുടർന്നു ആ വഴിക്കും അന്വേഷണം നീളുന്നുണ്ട്.പ്രതിയുടേതെന്നു കരുതുന്ന ഒരു ബാഗ് റെയിൽവേ പാളത്തിനു സമീപത്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

പെട്രോൾ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യക്കുറിപ്പ്, ഇയർഫോൺ, രണ്ട് മൊബൈൽ ഫോണുകൾ, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷർട്ട്, തോർത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ പോലീസ് അറിയിച്ചു. സംഭവത്തിൽ തീവ്രവാദ സംഘടനകൾക്കു പങ്കുണ്ടോയെന്ന കാര്യത്തിൽ എൻഐഎയും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചു വരുന്നുണ്ട്.

ട്രെയിനിലെ അക്രമം – മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്.

റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കും.