തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഇതേസമയം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 75 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിനു സമര്‍പ്പിക്കുന്നതിന്റെ സംസ്ഥാനത ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ചു വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുള്ള ക്രമീകരണങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കഴിഞ്ഞു. യു.പി, എല്‍.പി. അധ്യാപകരുടെ പരിശീലം പൂര്‍ത്തിയാക്കി. ഹൈസ്‌കള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു സ്‌കൂള്‍ തുറന്ന ശേഷം പരിശീലനം നല്‍കും.
എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ അടക്കം മാനേജ്മെന്റിന്റെ ഒരു അവകാശവും സര്‍ക്കാര്‍ കവര്‍ന്നെടുക്കില്ല. സ്‌കൂളുകളില്‍ പി.ടി.എ. ഫണ്ട് പിരിവിന്റെ പേരില്‍ കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.