പൊതുവിദ്യാഭ്യാസ രംഗത്തെ അഭിവൃദ്ധിപ്പെടുത്തിയതില്‍ ഭേദചിന്തയുണ്ടായിട്ടില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കക്ഷിരാഷ്ട്രീയ ഭേദചിന്തയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനല്ല, നാടിനാകെ അഭിമാനിക്കാവുന്നവിധമാണു പൊതുവിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം കര്‍മപദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവയുപയോഗിച്ചു പുതിയായി നിര്‍മിച്ച 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാലയങ്ങള്‍ നവീകരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളില്‍നിന്നു വലിയ തോതില്‍ കുട്ടികള്‍ കൊഴിഞ്ഞു പോകുന്നതിന് അറുതി വരുത്താനായി. അമ്പതും നൂറും വര്‍ഷം പഴക്കമുള്ള പൊതുവിദ്യാലയങ്ങളുടെ കേടുപാടുകള്‍ യഥാസമയം പരിഹരിക്കപ്പെടാതെ, ഇല്ലായ്്മയുടെ പര്യായമായി അവ മാറിയ സാഹചര്യം മുന്‍പു കേരളത്തിലുണ്ടായിരുന്നു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും വിണ്ടുകീറിയ തറയും ചുവരും കാലൊടിഞ്ഞ ബെഞ്ചുകളുമൊക്കെയായിരുന്നു അക്കാലത്ത് വിദ്യാലയങ്ങളുടെ ചിത്രം. ഇതോടെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച മാതാപിതാക്കള്‍ അവിടേയ്ക്കു കുട്ടികളെ അയക്കാത്ത സ്ഥിതിയായി. ഇതിനൊരു മാറ്റമുണ്ടാക്കുമെന്ന വാഗ്ദാനവുമായാണു 2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. പൊതുവിദ്യാഭ്യാസ മേഖലയുടെ നവീകരണവും ശാക്തീകരണവും തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചതിനെ വോട്ട് സമ്പാദിക്കാനുള്ള പ്രചാരണമാണെന്നു ചിലര്‍ ചിത്രീകരിച്ചു. എന്നാല്‍ ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതല്ല സര്‍ക്കാരിന്റെ നയമെന്നു ബോധ്യപ്പെടുത്താന്‍ പിന്നീടുള്ള അഞ്ചു വര്‍ഷങ്ങള്‍കൊണ്ടു സര്‍ക്കാരിനു കഴിഞ്ഞു. 600 ഇനങ്ങള്‍ പ്രകടന പത്രികയിലുണ്ടായിരുന്നു. വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം പൂര്‍ത്തിയാക്കി.
വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കിഫ്ബി പുനരുജ്ജീവിപ്പിച്ചതിനെ എതിര്‍ത്തവരുമുണ്ടായിരുന്നു. പരിഹാസവും പുച്ഛവുമായിരുന്നു തുടക്കത്തില്‍ ഇതിനോടു പ്രകടിപ്പിച്ചത്. ധനകാര്യ സ്ഥാപനമെന്ന നിലയില്‍ കിഫ്ബിക്കു പണം കിട്ടുന്നതിനു തടസമാകത്തക്കവിധമുള്ള പരാമര്‍ശങ്ങളുണ്ടായി. കിഫ്ബിയെ തകര്‍ക്കാനും വികസനത്തെ തടയാനുമുള്ള നീക്കമായിരുന്നു അത്. 50,000 കോടി രൂപയുടെ പശ്ചാത്തല വികസനം ലക്ഷ്യംവച്ചു പ്രഖ്യാപിച്ച കിഫ്ബി മുഖേന 2021 വരെ 62500 കോടി രൂപയുടെ പദ്ധതികള്‍ക്കു ധനസഹായം നല്‍കാന്‍ കഴിഞ്ഞു. 5000 കോടി യുടെ വികസന പദ്ധതികള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ മാത്രം ഏറ്റെടുത്തു. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് അഞ്ചു കോടിയുടെ 110 കെട്ടിടങ്ങള്‍, മൂന്നു കോടിയുടെ 106 കെട്ടിടങ്ങള്‍, ഒരു കോടിയുടെ രണ്ടു കെട്ടിടങ്ങള്‍ എന്നിവ കിഫ്ബി മുഖേന യാഥാര്‍ഥ്യമാക്കി. ഇതിനു പുറമേയാണ് പുതുതായി 75 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഇപ്പോള്‍ നാടിനു സമര്‍പ്പിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 145 സ്‌കൂള്‍ കെട്ടിടങ്ങള്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കു സമര്‍പ്പിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍ നവീകരിച്ചു. വിദ്യാഭ്യാസ മേഖലയിക്കായി 2546 കോടി രൂപ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 1016 കോടി സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്കു മാത്രമാണ്. വിദ്യാലയങ്ങളെ ഭിന്നശേഷി സൗഹൃദമാക്കാന്‍ 15 കോടി രൂപ പ്രത്യേകമായി നീക്കിവച്ചു. ശാരീരിക പരിമിതിയുടെ പേരില്‍ ഒരു കുട്ടിപോലും വിദ്യാഭ്യാസ സമ്പ്രദായത്തിനു പുറത്തായിപ്പോകരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 342.64 കോടി രൂപ നീക്കിവച്ചു. പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള 192 കോടി ഉള്‍പ്പെടെയാണിത്. ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാകിരണം പദ്ധതിക്കു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തു കേരളം മുന്നോട്ടുവച്ച മാതൃക രാജ്യം പിന്തുടരാന്‍ ഒരുങ്ങുകയാണ്. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റില്‍ ഇക്കാര്യം വ്യക്തമാകും.
കോവിഡ് ലോകത്താകെയുള്ള കുട്ടികളില്‍ വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെ നേരിടാന്‍ കുഞ്ഞുങ്ങളെ പ്രാപ്്തരാക്കുകയെന്നതു പ്രധാനമാണ്. കോവിഡ് കാലത്തു സ്‌കൂളുകള്‍ അടച്ചിട്ടതു വലിയ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത് ഏതെല്ലാം തരത്തില്‍ കുട്ടികളെ ബാധിച്ചുവെന്നതു മനസിലാക്കണം. ഇതിനായുള്ള ആസൂത്രിത പദ്ധതികള്‍ സ്‌കൂള്‍ തലത്തില്‍ ആവിഷകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വട്ടിയൂര്‍ക്കാവ് ഗവ. വി. ആന്‍ഡ് എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ താക്കോല്‍ മുഖ്യമന്ത്രി വി.കെ. പ്രശാന്ത് എം.എല്‍.എയ്ക്കു കൈമാറി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, നവകേരളം കര്‍മപദ്ധതി – 2 കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടനത്തിനൊപ്പം മറ്റിടങ്ങളില്‍ പ്രാദേശിക ചടങ്ങുകളും സംഘടിപ്പിച്ചു. വിവിധയിടങ്ങളില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.