രാഷ്ട്രപതി ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു

കൊല്ലം: രാഷ്ട്രപതി ദ്രൗപതി മുർമു അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ 9.35 നാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയീമഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ ദ്രൗപതി മുർമുവിനെ നെറ്റിയിൽ തിലകക്കുറി ചാർത്തി, മാലയും പൊന്നാടയുമണിയിച്ച് സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും ആശ്രമകവാടത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.

തുടർന്ന് ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്കൊപ്പമെത്തിയിരുന്നു. അരമണിക്കൂറോളം നേരം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനം നടത്തി. തുടർന്ന്, ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയിരുന്ന മെക്‌സികോയിൽ നിന്നുള്ള 6 എംപിമാരുമായി ദ്രൗപതി മുർമു അനൗപചാരിക കൂടിക്കാഴ്ചയും നടത്തി.

ഇതിനു ശേഷം ആശ്രമത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി അമൃത സർവകലാശാല പ്രൊവോസ്റ്റ് ഡോ.മനീഷ വി രമേഷിൽ നിന്ന് രാഷ്ട്രപതി ചോദിച്ചറിഞ്ഞു. തുടർന്ന് 10.10 ന് ദ്രൗപതി മുർമു അമൃതപുരി ആശ്രമത്തിൽ നിന്ന് മടങ്ങി. ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനി, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എന്നിവരും രാഷ്ട്രപതിയ്‌ക്കൊപ്പമുണ്ടായിരുന്നു.