കോവിഡ് ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാഓഡിറ്റ് നടത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെയുള്ള കോവിഡ് ആശുപത്രികളില്‍ ദ്രുത സുരക്ഷാ ഓഡിറ്റ് നടത്താന്‍ ഉത്തരവായി. ഓഡിറ്റ് ടീം രൂപീകരിക്കാന്‍ അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കാണ് ചുമതല. തീപിടിത്തം, ഓക്‌സിജന്‍ ലീക്ക് തുടങ്ങിയ അപകടങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കി അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി. റവന്യൂ/ ദുരന്തനിവാരണ വകുപ്പ് പ്രതിനിധിയാണ് ജില്ലകളിലെ ടീം ലീഡര്‍. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ്, ആരോഗ്യവകുപ്പ്, എല്‍.എസ്.ജി.ഡി (എന്‍ജിനിയറിങ് വിങ്)/ പി.ഡബ്ല്യൂ.ഡി, ഇലക്ട്രിക്കല്‍ ഇന്‍സപെക്ടറേറ്റ്, ഓഡിറ്റ് ചെയ്യപ്പെടുന്ന ആശുപത്രിയിലെ പ്രതിനിധി എന്നിവര്‍ ടീമിലുണ്ടാകണം. ബന്ധപ്പെട്ട സ്വകാര്യ കോവിഡ് ആശുപത്രികളിലെ മെഡിക്കല്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ ഓഡിറ്റിങിന് ആവശ്യമായ സഹായം നല്‍കണം. ദ്രുത സുരക്ഷാ ഓഡിറ്റിന്റെയും അനുബന്ധ കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാനതല ആശുപത്രികളുടെ കാര്യത്തിലും ഇ.എസ്.ഐ ആശുപത്രികളുടെ കാര്യത്തില്‍ ഇ.എസ്.ഐയും സഹകരണ ആശുപത്രികളുടെ കാര്യത്തില്‍ സഹകരണ ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും കുറവുകള്‍ പരിഹരിക്കാന്‍ നടപടി കൈക്കൊള്ളണം.
കോവിഡ് സെക്കന്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളും (സി.എസ്.എല്‍.ടി.സി.എസ്) കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെയും (സി.എഫ്.എല്‍.ടി.സി.എസ്) പ്രദേശികമായ അഡ്‌ഹോക് ക്രമീകരണങ്ങള്‍ ഡി.ഡി.എം.എകള്‍ വിലയിരുത്തി ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.