കൊച്ചി നഗരസഭ കോവിഡ് രോഗികള്‍ക്കായി 3850 സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തി

 

ഭക്ഷണത്തിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഭക്ഷണപൊതി നല്‍കാനാവാത്തവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചത്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുളള കോവിഡ് രോഗികള്‍ക്ക് കഴിഞ്ഞ 3 ദിവസങ്ങളിലായി ഇങ്ങനെ 3850 ഭക്ഷ്യകിറ്റുകളാണ് കൗണ്‍സിലര്‍മാര്‍ മുഖേന എത്തിച്ചത്.

കൊച്ചി: നഗരത്തിലെ കോവിഡ് രോഗികളുളള വീടുകളില്‍ കൊച്ചി നഗരസഭ സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് രോഗികള്‍ക്കായി നഗരസഭ ടി.ഡി.എം. ഹാളില്‍ നിന്നും നടത്തിവരുന്ന ഭക്ഷണ വിതരണത്തിന് പുറമെയാണ് സൗജന്യമായി 3850 ഭക്ഷ്യകിറ്റുകള്‍ കൂടി വിതരണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയുടെ ഭക്ഷണ ശാലയിലേക്ക് വിളിച്ച് ആവശ്യപ്പെടുന്ന ഭക്ഷണത്തിന്റെ അളവില്‍ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ഭക്ഷണപൊതികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ഈ സംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഭക്ഷണപൊതി വിതരണം പരമാവധി ഒരു ദിവസം 4200 എന്ന കണക്കില്‍ പരിമിതപ്പെടുത്തുകയായിരുന്നു.
ഭക്ഷണത്തിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഭക്ഷണപൊതി നല്‍കാനാവാത്തവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചത്. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുളള കോവിഡ് രോഗികള്‍ക്ക് കഴിഞ്ഞ 3 ദിവസങ്ങളിലായി ഇങ്ങനെ 3850 ഭക്ഷ്യകിറ്റുകളാണ് കൗണ്‍സിലര്‍മാര്‍ മുഖേന എത്തിച്ചത്. പെരുന്നാള്‍ ദിനമായ ഇന്നും നോര്‍ത്ത് ടൗണ്‍ ഹാളില്‍ നിന്നും ആയിരത്തോളം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ജോലിക്കെത്തുന്ന നഗരസഭ ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി വൈകിയും ഈ കിറ്റുകള്‍ വാഹനങ്ങളില്‍ നിറച്ച് വിതരണം ചെയ്യുന്ന ജോലികളില്‍ വ്യാപൃതരായിരുന്നു. ഇന്ന് പെരുന്നാള്‍ ദിനത്തിലും അവര്‍ ഈ ജോലി തുടര്‍ന്നു. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ വനിതകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ ജീവനക്കാരെയും അഭിനന്ദിക്കുന്നു.
കൊച്ചി നഗരത്തിലെ കോവിഡ് രോഗികള്‍ക്കും, ക്വാറന്റൈനിലുളളവര്‍ക്കുമായി നഗരസഭ നടത്തി വരുന്ന പതിവ് ഭക്ഷണ വിതരണം 21ാം ദിനമായ ഇന്ന് ടി.ഡി.എം. ഹാളില്‍ മുന്‍ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു. ടി.ഡി.എം. ഹാളില്‍ മേയറോടൊപ്പം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബലാല്‍, കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍, കരയോഗം സെക്രറി രാമചന്ദ്രന്‍ (വേണു), രാജഗോപാല്‍ എന്നിവരുണ്ടായിരുന്നു.
സൈക്ലോണ്‍ മുന്നറിയിപ്പായി 14,15 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെഅടിസ്ഥാനത്തില്‍ ഇന്ന് കലൂര്‍ സ്മാര്‍ട്ട് സിറ്റി ആസ്ഥാനത്ത് ജില്ലാ കളക്ടറുമായി ചേര്‍ന്ന് റവന്യൂ, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി. പോലീസ്, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തു. കാലവര്‍ഷം കൂടി മുന്നില്‍ കണ്ടുകൊണ്ടുളള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. നഗരത്തില്‍ വെളളം കയറാന്‍ സാദ്ധ്യതയുളള ഇടങ്ങളില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിനും, ആവശ്യമുളളിടങ്ങളില്‍ ക്യാന്റീന്‍ സൗകര്യമുള്‍പ്പെടെ ഉറപ്പാക്കുന്നതിനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ആശുപത്രികളില്‍ നിലവിലുളള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഓക്‌സിജന്‍ വിതരണവും, വൈദ്യുതി വിതരണവും തടസ്സം കൂടാതെ നടത്തുന്നതിന് ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി. എന്നീ വകുപ്പുകള്‍ ആവശ്യമായ നടപടിയെടുക്കും. കോവിഡ് കാലത്ത് പ്രവചിക്കപ്പെട്ടിട്ടുളള ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് നാമോരുത്തരും ജാഗ്രത പുലര്‍ത്തി, ആവശ്യമായ മുന്‍കരുതലെടുക്കണം.
ഇന്ന് കൊറോണ കണ്‍ട്രോള്‍ റൂമും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം ചേരുന്ന അവലോകനയോഗത്തിന് ശേഷം തീരുമാനിക്കും.