കൊല്ലം: കേന്ദ്ര മന്ത്രിയും പ്രമുഖ ചലചിത്ര അഭിനേതാവുമായ ശ്രീ സുരേഷ് ഗോപി പ്രൈമറി തലം മുതൽ പഠിച്ചതും 1974-ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതുമായ തങ്കശ്ശേരി ഇൻഫെന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ 10-ന് രാവിലെ 9 മണിക്ക് സ്വീകരണം നൽകും. ഇൻഫെന്റ് ജീസസ് സ്കൂളും പൂർവ വിദ്യാർഥി സംഘടനയും ചേർന്നാണ് പെട്രോളിയം, പ്രകൃതിവാതക, ടൂറിസം ചുമതലയുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്നത്.
കൊല്ലം രൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആശിർവദിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും തുടർന്ന് നടക്കുന്ന സമ്മേളനവും കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉത്ഘാടനം ചെയ്യും. സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെറിറ്റ് അവാർഡുകളുടെ വിതരണവും മന്ത്രി നടത്തും. ചടങ്ങിൽ ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആധ്യക്ഷം വഹിക്കും. ഇൻഫെന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി സ്വാഗതം ആശംസിക്കും. കൊല്ലം മേയർ ശ്രീമതി. പ്രസന്ന ഏണസ്റ്റ്, സ്കൂൾ മുൻ പ്രിൻസിപ്പൽ റവ. ഡോ. ഫെർഡിനൻറ് കായാവിൽ , സ്കൂൾ ലോക്കൽ മാനേജർ റവ.ഫാദർ ക്രിസ്റ്റഫർ ഹെൻട്രി, അലുമ്നി അസ്സോസിയേഷൻ പ്രതിനിധി ശ്രീ.നൗഷാദ് യൂനസ്, സുരേഷ് ഗോപിയുടെ ബാച്ചിലെ സ്കൂൾ പ്രതിനിധി ഡോ. വസന്ത് കുമാർ സാംബശിവൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ശ്രീ.ബി.ബി.ഗോപകുമാർ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പൂജാ ഷിഹാബ് എന്നിവർ ആശംസാസന്ദേശം നൽകും. അലുമ്നി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. ക്ലോഡിയസ് പീറ്റർ നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ റവ :ഡോ:സിൽവി ആന്റണി (പ്രിൻസിപ്പൽ), നൗഷാദ് യൂനുസ് (അലൂമിനിഅസോസിയേഷൻ പ്രതിനിധി ) ഡോ:ശ്രീരാജ് (ഓർഗനൈസിംഗ് കമ്മിറ്റി) നീൽ ഡിക്രൂസ്, ഷാജി വിശ്വനാഥൻ (അലൂമിനി മെമ്പർ) എന്നിവർ പങ്കെടുത്തു
സുരേഷ് ഗോപിയും ഇൻഫെന്റ് ജീസസ്ജീസ്കൂളിന്റെ ചരിത്ര പശ്ചാത്തലവും
ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് 1940- ൽ ദൈവദാസൻ ജറോം എം. ഫെർണാണ്ടസ് തിരുമേനി സ്ഥാപിച്ചതാണ് തങ്കശ്ശേരിയിലെ ഇൻഫെന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർസെക്കണ്ടറി സ്കൂൾ. വൈദേശാധിപത്യ കാലഘട്ടത്തോടെ ഡച്ച് ക്വയിലോൺ എന്നറിയപ്പെട്ടിരുന്ന തങ്കശ്ശേരിയിൽ ആംഗ്ലോ-ഇന്ത്യൻ സമൂഹം വളർച്ച പ്രാപിച്ചപ്പോൾ അവരുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യമാക്കിയാണ് സ്കൂൾ ആരംഭിച്ചത്. അക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറവായതു കൊണ്ടും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുരുക്കമായതുകൊണ്ടും കേരളത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിനായി സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നും കുട്ടികൾ ഇവിടെ വന്നു സ്കൂൾ ബോർഡിംഗിലും ഹൗസ് ബോർഡിംഗിലും താമസമാക്കി പഠനം നടത്തിയിട്ടുണ്ട്. സുരേഷ് ഗോപിയും തന്റെ അരനൂറ്റാണ്ട് പിന്നിടുന്ന പഠന കാലം ചെലവഴിക്കാൻ ഇത്തരം ബോർഡിംഗ് സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നു.
ഇൻഫെന്റ് ജീസസ് സ്കൂളിലെ അന്നത്തെ ആംഗ്ലോ ഇന്ത്യൻ അധ്യാപിക സീറ്റാ ഫെർണാണ്ടസിന്റെ മേൽനോട്ടത്തിലുള്ള ഹൗസ് ബോർഡിംഗിൽ താമസിച്ചായിരുന്നു എട്ടാം ക്ലാസു മുതൽ പഠനം നടത്തിയത്. പ്രൈമറി ക്ലാസുകളിലായിരുന്നപ്പോൾ മാടൻനടയിലുള്ള വസതിയിൽ നിന്നും സുരേഷ് ഗോപിയും അനുജൻ സുഭാഷും ഒരുമിച്ച് സൈക്കിൾ റിക്ഷയിലാണ് സ്കൂളിലേക്കു യാത്ര ചെയ്തിരുന്നത്. കൂട്ടത്തിൽ പോളയത്തോടു നിന്നും എം.എൽ.എയും നടനുമായ മുകേഷും കൂട്ടുചേരും. മൗണ്ട് കാർമ്മൽ ഗേൾസ് സ്കൂളിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ അങ്ങനെ ആറു പേരാണ് സൈക്കിൾ റിക്ഷയിലുണ്ടാവുക.
സുരേഷ് ഗോപി ഇൻഫെന്റ് ജീസസ് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിച്ചിരുന്നപ്പോഴാണ് ‘ഓടയിൽ നിന്ന് ‘ എന്ന സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അനുജൻ സുഭാഷിനോടൊപ്പം സിനിമാ സൈറ്റിലേക്ക് കൊണ്ടു പോയത്. അവിടെക്കണ്ട കാഴ്ചകളിൽ പേടി തോന്നിയ അനുജൻ സുഭാഷ് പിൻവലിയുകയായിരുന്നു. സുരേഷ് ഗോപിക്ക് അന്ന് ഏഴ് വയസ്സ് മാത്രം പ്രായം.
സുരേഷ് ഗോപിയുടെ പത്താം ക്ലാസ് (1974 – 1975 ) കാലഘട്ടത്തിൽ റവ. ഫാദർ തോമസ് തുണ്ടിയിൽ ആയിരുന്നു പ്രിൻസിപ്പൽ. അന്നത്തെ ബാച്ചിൽ 51 കുട്ടികളാണുണ്ടായിരുന്നത്. പത്താം ക്ലാസ് ‘ബി’ ഡിവിഷനിലായിരുന്നു സുരേഷ് ഗോപിയുടെ പഠനം. മിസ്സിസ് പാട്രിക് ആയിരുന്നു ക്ലാസ് ടീച്ചർ. ഇംഗ്ലീഷും ഹിസ്റ്ററിയും ടീച്ചർ പഠിപ്പിച്ചിരുന്നു.അന്ന് കെമിസ്ട്രി പഠിപ്പിച്ചത് ഇന്ദ്രാണി ടീച്ചറാണ്.1975 മുതൽ കായാവിലച്ഛൻ സ്കൂളിൻ്റെ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് വന്നപ്പോൾ ഇന്ദ്രാണി ടീച്ചർ കുറച്ചുകാലം വൈസ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ വാർദ്ധ്യക്യത്തിൽ വീട്ടിൽ കഴിയുന്നു. മാസ്റ്റർ എബ്രഹാം (ബയോളജി), ലിവിംഗ് ഷേക്സ്പിയർ എന്നറിയപ്പെടുന്ന മിസ്. ഷീലാഡിക്കോട്ടോ (ഇംഗ്ലീഷ്), മാസ്റ്റർ കീത്ത് ഡിക്രൂസ് (കണക്ക്) മിസ്. ടെറി (ഹിന്ദി), ജെ. ബി. മാസ്റ്റർ (പി.റ്റി) എന്നിവരായിരുന്നു മറ്റധ്യാപകർ. ഇൻഫെന്റ് ജീസസ് സ്കൂളിൽ നിന്നും സുരേഷ് ഗോപിക്ക് ലഭിച്ച മെച്ചപ്പെട്ട വിദ്യാഭ്യാസം പിൽക്കാലത്ത് ഫാത്തിമ മാതാ നാഷണൽ കോളേജിൽ തുടർ പഠനം നടത്തുവാനും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയെടുക്കാനും കഴിഞ്ഞു.
അന്നത്തെ സ്കൂൾ നിയമങ്ങൾ കർശനമായ അച്ചടക്കവും അനുസരണവും സ്വായത്തമാക്കുവാൻ സുരേഷ് ഗോപിയെ സഹായിച്ചുവെന്ന് സഹപാഠികൾ ഓർമ്മയിൽ നിന്ന് അഭിപ്രായപ്പെടുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലും ആത്മീയ ജീവിതത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പഠനകാലത്ത് അദ്ദേഹം സ്വായത്തമാക്കിയ ഈശ്വരഭക്തിയും ഭക്തിനിഷ്ഠയും പ്രാർഥനകളും അദ്ദേഹം തന്നെ അടുത്ത കാലത്ത് വെളിപ്പെടുത്തിയ വസ്തുതയാണ്. അദ്ദേഹം ഇൻഫെന്റ് ജീസസ് സ്കൂളിൽ നിന്നും ചലചിത്ര രംഗത്ത് പ്രമുഖ അഭിനേതാവായും ഇപ്പോൾ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം മന്ത്രിയായി തീർന്നതിലും എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു. അദ്ദേഹത്തിൻ്റെ മാതൃവിദ്യാലയ സന്ദർശനം അഭിമാനം ഉണർത്തുന്നതും ചരിത്രപരവുമായിരിക്കും.
എൺപത്തഞ്ചു വർഷങ്ങൾക്കുമുമ്പ് രണ്ടധ്യാപകരും പതിനഞ്ചു കുട്ടികളുമായി കർമ്മലീത്ത ആശ്രമ കെട്ടിടത്തിൽ സ്ഥാപിതമായ ഈ സ്കൂൾ പിൽക്കാലത്ത് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങളൾക്കനുസൃതമായി സഭാപിതാക്കന്മാരുടെ ദീർഘകാല വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടും സാധാരണക്കാർക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി പരിശ്രമിക്കുകയും കാലാകാലങ്ങളിൽ പ്രിൻസിപ്പൽമാരായി പ്രവർത്തിച്ചവർ ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി അശ്രാന്ത പരിശ്രമങ്ങൾ നടത്തിയിട്ടുള്ളതും സ്മരണിയമാണ്.
ഇപ്പോഴത്തെ സ്കൂൾ മാനേജർ ബിഷപ്പ്. റൈറ്റ്.റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ ഉദാരമനസ്കതയും സാമൂഹിക പ്രതിബദ്ധതയും ഇപ്പോൾ പ്രിൻസിപ്പലായി തുടരുന്ന റവ.ഡോ. സിൽവി ആന്റണിയുടെ നേതൃത്വപാടവവും കാരണം ഇന്ന് ഈ സ്കൂളിൽ 4700 കുട്ടികളും 200 അധ്യാപക-അനധ്യാപകരുമുള്ള രൂപതയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഉയർന്നു നിൽക്കുന്നു. സ്കൂളിന് പുതിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ ബിഷപ്പ് എമിരിറ്റസ് റൈറ്റ്.റവ. ഡോ. സ്റ്റാൻലി റോമൻ, ദിവംഗതനായ ബിഷപ്പ് റൈറ്റ്.റവ. ഡോ. ജോസഫ് ജി. ഫെർഡിനൻറ് എന്നിവരുടെ പങ്കും നിസ്തുല്ല്യമാണ്. മൂന്നുപതിറ്റാണ്ടുകാലം ഈ സ്കൂളിന്റെ പ്രിൻസിപ്പലായി പ്രവർത്തിച്ച മോൺസിഞ്ഞോർ റവ. ഡോ.ഫെർഡിനൻറ് കായാവിലിന്റെ അർപ്പണ മനോഭാവവും കർമ്മോത്സുകതയും ഈ സ്കൂളിന്റെ പുരോഗതിയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഇവിടെ നിന്നും പഠിച്ച് പ്രഗത്ഭരായി തീർന്നിട്ടുള്ളവരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൂടാതെ മുൻ ഡി.ജി.പി അൽഫോൺസ് ലൂയിസ് ഈറയിൽ, മൺമറഞ്ഞ ഒളിംപ്യൻ അത്ലറ്റ് സുരേഷ് ബാബു, വ്യവസായ പ്രമുഖൻ ജോർജ് എം അലക്സാണ്ടർ മുത്തൂറ്റ്, പ്രമുഖ അഭിനേതാവും എം.എൽ.എയുമായ ശ്രീ. മുകേഷ്, പ്രമുഖ കാഥികൻ ഡോ. വസന്ത കുമാർ സാമ്പശിവൻ, ദ്രോണാചാര്യ ചന്ദ്രലാൽ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ പ്രശോഭിക്കുന്നവരുടെ പട്ടിക നീളുന്നു. ജാതിമത ഭേദമന്യേ സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർക്ക് സർവ്വ സ്വാതന്ത്ര്യത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ സ്കൂൾ ഇന്നും പ്രതിജ്ഞാബദ്ധമാണ്.